കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ സി.പി.എം വധശ്രമം ; കൈകാലുകള്‍ തല്ലിച്ചതച്ചു

Jaihind News Bureau
Sunday, November 3, 2019

കണ്ണൂർ : പാട്യം മുതിയങ്ങയിൽ കോൺഗ്രസ് പ്രവർത്തകനു നേരെ സി.പി.എം വധശ്രമം. കോൺഗ്രസ് പ്രവർത്തകൻ സയ്യിദിനെ  സി.പി.എം ക്രിമിനലുകൾ മാരകമായി തല്ലിച്ചതച്ചു. കാലുകളും ഇടത് കയ്യും തല്ലിതകർത്തു. ഗുരുതരമായി പരുക്കേറ്റ സയ്യിദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. മുതിയങ്ങ ശങ്കരവിലാസം സ്കൂളിന് സമീപത്തെ കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കെ കോൺഗ്രസ് പ്രവർത്തകനായ സയ്യിദിനെ സി.പി.എം ഗുണ്ടകൾ ക്രൂരമായി തല്ലിച്ചതച്ചതയ്ക്കുകയായിരുന്നു.

വെള്ളിയാഴ്ച മക്കളോടൊത്ത് കാറിൽ യാത്ര ചെയ്യവെ സയ്യിദിന്‍റെ കാറിനുനേരെ കല്ലെറിയുകയും ഒപ്പം ഉണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ സയ്യിദ് നൽകിയ പരാതിയിൽ നാല് സി.പി.എം ക്രിമിനലുകളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയായാണ് ഇന്ന് സയ്യിദിന് നേരെ ക്രൂരമായ ആക്രമണം നടത്തിയത്. അക്രമത്തില്‍ ഇടതു കയ്യുടെയും കാലുകളുടെയും എല്ലുകൾ തകര്‍ന്നിട്ടുണ്ട്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭത്തിനുശേഷം കൂത്തുപറമ്പ് ആശുപത്രിയിലേക്കും അവിടെ നിന്നും തലശേരി ജനറല്‍ ആശുപത്രിയിലേക്കും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. വൈകിട്ടോടെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

കഴിഞ്ഞ ദിവസം മുതിയങ്ങയിൽ വെച്ച് സി. പി. എം സംഘം സയ്യിദിന്‍റെ കാർ അക്രമിച്ചിരുന്നു. കാറിന്‍റെ ചില്ലു തകർക്കുകയും കാറിലുണ്ടായിരുന്ന മകൾ ഫാത്തിമ സാഹിയ്ക്ക് കണ്ണിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സി.പി. എം പ്രവർത്തകരായ മുതിയങ്ങയിലെ സി ഷിനോജ് എന്ന മണി, കെ രാഗിൻ, കെ രജീഷ്, എം.വി ഷിജിൻ എന്നിവരെ കതിരൂർ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് ഇന്ന് സയ്യിദിനെതിരെ ക്രൂരമായ അക്രമണമുണ്ടായത്. സംഭവത്തിൽ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പ്രതിഷേധം രേഖപ്പെടുത്തി. സി.പി.എം അക്രമം നിർത്തില്ലെന്ന സൂചനയാണ് ഇതിലൂടെ നൽകിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.