‘ചുവപ്പ് നരച്ചാല്‍ കാവി, പിണറായി സര്‍ക്കാര്‍ ആര്‍എസ്എസിനെ വളര്‍ത്തുന്നു’ ; മുഖ്യമന്ത്രിക്കെതിരെ സിപിഎം ലോക്കല്‍ സെക്രട്ടറി

Jaihind Webdesk
Saturday, September 11, 2021

ആലപ്പുഴ : ഇടത് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം ലോക്കല്‍ സെക്രട്ടറി. പിണറായി സര്‍ക്കാര്‍ ആര്‍എസ്എസിനെ വളര്‍ത്തുന്നുവെന്നും ചുവപ്പ് നരച്ചാല്‍ കാവി എന്ന് പറയുന്നത് വെറുതേയല്ലെന്നും പുന്നപ്ര വടക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.രഘുവിന്റെ പോസ്റ്റില്‍ പറയുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ അംഗമായ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു പോസ്റ്റ്.

കണ്ണൂർ സർവകലാശാലയുടെ സിലബസിൽ ആർ.എസ്.എസ്. ബി.ജെ.പി. സൈദ്ധാന്തികരുടെ പുസ്തകങ്ങൾ ഉള്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. പൊലീസിൽ മാത്രമല്ല വിദ്യാഭ്യാസ വകുപ്പിലും ആർ.എസ്.എസ് പിടിമുറുക്കിയെന്ന് പോസ്റ്റ് വ്യക്തമാക്കുന്നു. അഞ്ച് വർഷം കൊണ്ട് പിണറായി സർക്കാർ എത്രത്തോളം ആർഎസ്എസിനെ വളർത്തി എന്നത് കാണാനിരിക്കുന്നതേയുള്ളു. ചുവപ്പ് നരച്ചാൽ കാവിയെന്ന് പറയുന്നത് വെറുതേയല്ലന്ന് കാലം തെളിയിക്കുമെന്നും ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ പോസ്റ്റിൽ പറയുന്നു. സിപിഎമ്മിലെ ജില്ലയിലെ വിഭാഗീയതയുടെ  കേന്ദ്രമായ അമ്പലപ്പുഴയിൽ നിന്നാണ് പിണറായി വിരുദ്ധ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരുന്ന രഘുവിനെ തെരഞ്ഞെടുപ്പ് കാലത്ത് ചില ആക്ഷേപങ്ങൾ ഉയർന്നതിനെ തുടർന്ന് ജി. സുധാകരൻ്റെ നിർദ്ദേശാനുസരണം മാറ്റി നിർത്തിയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസമാണ് ജില്ലാ സെക്രട്ടറി നാസർ ഇടപെട്ട് ലോക്കൽ കമ്മറ്റി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നത്.