സിപിഎം നേതാക്കളുടെ വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദനത്തില്‍ അന്വേഷണം വേണം: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്

 

കണ്ണൂര്‍: സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലയിലെ ഒരു ഉന്നത നേതാവിനെതിരേ പാര്‍ട്ടിക്കകത്ത് ഉയര്‍ന്നുവന്നതായി മാധ്യമങ്ങള്‍ പുറത്തു വിട്ട ഗുരുതരമായ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. സിപിഎം നേതാക്കളുടെ മാഫിയാബന്ധം സംബന്ധിച്ച് നേരത്തേ ഒട്ടേറെ വിവരങ്ങള്‍ പുറത്തു വന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കളുടെ അനധികൃത ഇടപാടുകളെയും കണക്കില്ലാത്ത സ്വത്തുസമ്പാദനത്തെക്കുറിച്ചും പാര്‍ട്ടി അന്വേഷണമല്ല, ഉത്തരവാദപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂരില്‍ സിപിഎം നേതാവിന്‍റെ മകന്‍റെ നേതൃത്വത്തിലുള്ള റിസോര്‍ട്ട് നിര്‍മ്മാണവേളയില്‍ വ്യാപകമായി കുന്നിടിച്ച് നിരപ്പാക്കിയത് ഭരണ സ്വാധീനം ഉപയോഗിച്ചായിരുന്നു. വിവാദമായ റിസോർട്ടിന്‍റെ നിയമ വിരുദ്ധ നിർമാണ പ്രവർത്തനങ്ങൾക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്ത ആന്തൂർ നഗരസഭാ ഭരണ സമിതിയാണ് കൺവെൻഷൻ സെന്‍ററിന് അനുമതി നൽകാതെ സാജനെന്ന പ്രവാസിയുടെ ആത്മഹത്യയ്ക്ക് വഴിയൊരുക്കിയതെന്ന കാര്യവും മാർട്ടിന്‍ ജോർജ് ചൂണ്ടിക്കാട്ടി.

നേതാക്കൾക്ക് ഒരു നീതി, പൊതുജനത്തിന് ഒരു നീതി എന്ന അവസ്ഥ ഭീകരമാണ്. സിപിഎം നേതാക്കളുടെ ഇത്തരം അനധികൃത ഇടപാടുകളും കണക്കില്ലാത്ത സ്വത്തുസമ്പാദനവും പാര്‍ട്ടിയല്ല അന്വേഷിക്കേണ്ടത്. ഉത്തരവാദപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്കാണ് അതിനുള്ള ചുമതല. സിപിഎമ്മിനകത്ത് ഇത്തരം ആരോപണങ്ങളില്‍ അന്വേഷണം ഏതു രീതിയിലായിരിക്കുമെന്ന് സകലര്‍ക്കും അറിയാം. കണ്ണൂരിലെ തന്നെ മറ്റൊരു നേതാവ് പാര്‍ട്ടിക്കകത്ത് ഉന്നയിച്ചതായി പറയുന്ന ആരോപണം ശരിയാണെങ്കില്‍ അതു പരസ്യമായി പറയാനുള്ള തന്‍റേടം കൂടി കാണിക്കണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

Comments (0)
Add Comment