സ്വഭാവദൂഷ്യം;വനിതാ പ്രവർത്തകയുടെ പരാതിയിൽ സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; വി.കെ മധുവിന്‍റെ വിശ്വസ്തനെതിരായ നടപടിയിൽ വിതുര സിപിഎമ്മിൽ പോര്

Jaihind News Bureau
Monday, March 16, 2020

തിരുവനന്തപുരം: സ്വഭാവദൂഷ്യത്തിന് സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി. വിതുര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി പി എം വിതുര ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുന്‍ ജില്ലാ നേതാവുമായ ഷാഹുൽ നാഥ് അലി ഖാനെയാണ് പാര്‍ട്ടിയുടെ  പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.  വനിതാ പ്രവര്‍ത്തക നൽകിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

ആറ് മാസങ്ങൾക്കു മുൻപ് ലോക്കൽ കമ്മിറ്റിക്കും ഏര്യ കമ്മിറ്റിക്കും നൽകിയ പരാതിയിൽ ഇതുവരെ നടപടി എടുക്കാതിരുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ മധുവിന്‍റെ സമ്മർദ്ദത്തെതുടർന്നാണെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ പരാതി ജില്ലാ കമ്മിറ്റിയുടെ മുന്നിൽ എത്തുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് ജില്ലാ കമ്മിറ്റി  ഇടപെട്ട് ഇക്കാര്യം പരിശോധിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കാൻ കീഴ് ഘടകങ്ങൾക്ക് നിർദേശം നൽകി. ഇതേതുടര്‍ന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗം കൂടിയായ വികെ മധുവിന്‍റെ സാന്നിധ്യത്തിൽ തന്നെ ഞായറാഴ്ച രാത്രി വരെ ചേർന്ന യോഗമാണ് നേതാവിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.  താക്കീതിലൊതുക്കി നടപടി ലഘൂകരിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഇടപെട്ടുവെങ്കിലും മധുവിന്‍റെ വിരുദ്ധ ചേരിയിലുള്ള വിതുരയിലെ നേതാക്കൾ ശക്തമായ നടപടി തന്നെ വേണമെന്ന് ആവശ്യപ്പെട്ട് യോഗത്തിൽ നിലപാടെടുക്കുകയായിരുന്നു.

അതേസമയം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായതു മുതല്‍ ഷാഹുൽ നാഥ് അലി ഖാന്‍ വി.കെ മധുവിന്‍റെ  സ്വാധീനത്തിൽ പാര്‍ട്ടി നിര്‍ദേശം മറികടന്ന് പല കാര്യങ്ങളിലും ഇടപെടുകയും പാര്‍ട്ടിയ്ക്കുള്ളില്‍ പ്രത്യേക ചേരി രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ആരോപണമുണ്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തനെ മര്‍ദിക്കുകയും പഞ്ചായത്ത് കമ്മിറ്റിക്കിടെ മെമ്പറെ പിടിച്ചു തള്ളിയതടക്കം നിരവധി ആരോപണങ്ങൾ  ഷാഹുൽ നാഥ് അലി ഖാനെതിരെയുണ്ട്.  ഇത്തരം ഗുരുതര ആരോപണങ്ങൾ നേരിടുകയും പാർട്ടിയിലെ ഭൂരിപക്ഷവും  ഇയാൾക്കെതിരെ നടപടി വേണമെന്ന് നിരവധി കമ്മിറ്റികളിൽ ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടും  ഷാഹുല്‍നാഥിനെ പിന്തുണച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ നടത്തിയ ഇടപെടലുകള്‍ പാർട്ടി അംഗങ്ങളിൽ  വലിയ സംശയത്തിന് ഇടനൽകിയിട്ടുണ്ട്.