പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ മുഖം നഷ്ടപ്പെട്ട സിപിഎം, പ്രതികളായ 3 പേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി

Jaihind News Bureau
Saturday, March 7, 2020

പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ മുഖം നഷ്ടപ്പെട്ട സിപിഎം, പ്രതികളായ 3 പേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കികൊണ്ട് വാർത്താകുറിപ്പിറക്കി. തട്ടിപ്പിന് കൂട്ട് നിൽക്കുകയും, പിന്നീട് ഒതുക്കി തീർക്കാൻ മുന്നിൽ നിൽക്കുകയും ചെയ്ത പാർട്ടി നേതാക്കൾക്കെതിരെ യാതൊരു നടപടിയുമില്ല എന്നതും ശ്രദ്ധേയമാണ്. അതിനിടെ ഫണ്ട്തട്ടിപ്പ് പുറത്തുകൊണ്ടുവന്ന പരാതിക്കാരനായ ഗിരീഷ് ബാബുവിനെതിരെ – സിപിഎം നേതാവ് സക്കീർഹുസൈൻ പോലീസിൽ പരാതി നൽകി.

പ്രളയഫണ്ട് തട്ടിപ്പ് കേസിൽ പ്രതികളായവർക്കെതിരെ നടപടിയെടുത്ത് സിപിഎം. കേസിൽ പ്രതികളായ തൃക്കാക്കര ഈസ്റ്റ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.എം. അൻവർ, എം നിധിൻ, അൻവറിന്‍റെ ഭാര്യയും പാർട്ടി അംഗവും, സഹ. ബാങ്ക് ഡയറക്ടറുമായ കൗലത്ത് അൻവർ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കിയതായി സി.പി.എം. ജില്ലാ നേതൃത്വം അറിയിച്ചു. ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ വാർത്താകുറിപ്പിലാണ് പുറത്താക്കിയ വിവരം അറിയിച്ചത്. പ്രളയഫണ്ട് തട്ടിപ്പ് വിവാദം പാർട്ടിക്കും, സർക്കാരിനും പൊതു സമൂഹത്തിൽ ചീത്തപ്പേരുണ്ടാക്കിയ സാഹചര്യത്തിലാണ് പുറത്താക്കൽ നടപടി പാർട്ടി പരസൃപ്പെടുത്തിയത്. എന്നാൽ അൻവറിനേയും, നിധിനേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വ്യാഴാഴ്ചതന്നെ നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചിരുന്നു. തട്ടിപ്പിന് കൂട്ട് നിൽക്കുകയും, പിന്നീട് ഒതുക്കി തീർക്കാൻ മുന്നിൽ നിൽക്കുകയും ചെയ്ത പാർട്ടി നേതാക്കൾക്കെതിരെ യാതൊരു അച്ചടക്ക നടപടിയുമില്ല എന്നതും ശ്രദ്ധേയമാണ്. സമഗ്ര അന്വേഷണം വേണമെന്നാണ് പരാതിക്കാരനായ ഗരീഷ് ബാബുവും, 4-ആം പ്രതി നിധിനും ആവശ്യപ്പെടുന്നത്. ഇതിന് പിന്നിലെ ഗൂഢാലോചനക്കാരായ സി പി എം നേതാക്കളെ പുറത്തു കൊണ്ട് വരണമെന്നും നിധിൻ സമഗ്ര അന്വേഷണത്തിലൂടെ ലക്ഷ്യംവക്കുന്നു.

കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് പ്രളയ ഫണ്ട് തട്ടിപ്പിൽ സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്നതിന്‍റെ തെളിവുകളുമായി രംഗത്തു വന്നത്. സി.പി.എം.കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്‍റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയാണ് പ്രളയ ഫണ്ട് തട്ടിപ്പ് നടത്തിയതെന്ന് ഗിരീഷ് – മുഖ്യമന്ത്രിക്കും, സഹകരണ വകുപ്പിനും നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. കേസിൽ മൂന്നാം പ്രതിയും – തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ എം.എം.അൻവറിന് സഹകരണ ബാങ്കിൽ നിന്ന് പണം കൈമാറാൻ സമ്മർദ്ദം ചെലുത്തിയത് സക്കീർ ഹുസൈനാണെന്നും പരാതിയിൽ പറയുന്നുണ്ട്. അതേ സമയം ഗിരീഷ് ബാബുവിനെതിരെ പരാതിയുമായി സക്കിർ ഹുസൈൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചു. പ്രളയ ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ തട്ടിയെടുക്കാൻ കലക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദിന് കൂട്ടുനിന്ന കേസിലെ മൂന്നാം പ്രതി എം എം അൻവർ 11 ദിവസമായി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.