ശബരിമല: രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പി-സി.പി.എം രഹസ്യധാരണ

B.S. Shiju
Sunday, November 18, 2018

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച പ്രക്ഷോഭങ്ങൾ കൊടുമ്പിരിക്കൊള്ളുമ്പോൾ വിഷയത്തെ രാഷ്ട്രീയമായി മുതലെടുക്കാൻ സി.പി.എം – ബി.ജെ.പി രഹസ്യബാന്ധവമെന്ന് സൂചന. സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ അതിനെ സ്വാഗതം ചെയ്ത് ബി.ജെ.പി-ആർ.എസ്.എസ്-സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നിരുന്നു. എന്നാൽ ഇത്തരമൊരു വിധി നടപ്പിലാക്കാൻ ബി.ജെ.പിയും സി.പി.എമ്മും കൈകോർത്തതോടെ വിശ്വാസി സമൂഹം ഇതിനെതിരെ രംഗത്തു വരികയായിരുന്നു. അതേത്തുടർന്ന് കോൺഗ്രസും യു.ഡി.എഫും വിശ്വാസിസമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരരംഗത്തിറങ്ങി. ഇതോടെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം സമരം ഹൈജാക്ക് ചെയ്യാൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ സംസ്ഥാനത്തേക്ക് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ എത്തുകയും ചെയ്തു. അമതിഷ് ഷായ്ക്ക് പറന്നിറ്ങ്ങാൻ കണ്ണൂർ വിമാനത്താവളത്തിൽ സൗകര്യമൊരുക്കിയ സംസ്ഥാനത്തെ ഇടതു സർക്കാർ വിശ്വാസി സമൂഹത്തിന്‍റെ പ്രതിഷേധം ബി.ജെ.പി-സി.പി.എം തർക്കമാക്കി മാറ്റാനുള്ള വഴിയൊരുക്കുകയാണ് ചെയ്തത്.

സർക്കാരിനെ വലിച്ചു താഴെയിടുമെന്നുള്ള അമിത് ഷായുടെ പ്രഖ്യാപനം സി.പി.എം രാഷ്ട്രീയ ആയുധമാക്കി അണികൾക്കിടയിൽ പ്രചരിപ്പിച്ചു. ശബരിമല പോലെ പ്രസിദ്ധമായ സർവമത തീർഥാടന കേന്ദ്രത്തിലെത്തുന്ന വിശ്വാസി സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണ് ഇരു പാർട്ടികളും ഇതിലൂടെ മുന്നോട്ടുവെച്ചത്. ഇതിനിടയിലും യഥാർഥ വിശ്വാസികൾക്കൊപ്പം നിന്ന് സമാധാനപരമായി സമരത്തിലേർപ്പെട്ട് യു.ഡി.എഫും കോൺഗ്രസും അക്രമത്തെയും പ്രകോപനത്തെയും അകറ്റി നിർത്തുകയും ചെയ്തു. പിന്നീട് തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്ന പശ്ചാത്തലത്തിൽ നാമജപസമരത്തിൽ നുഴഞ്ഞു കയറി അക്രമം സൃഷ്ടിച്ച് പ്രശ്‌നത്തെ സങ്കീർണവൽക്കരിക്കാനുള്ള പദ്ധതിയാണ് സി.പി.എം- ബി.ജെ.പി-ആർ.എസ്.എസ് കക്ഷികൾ നടപ്പാക്കിയത്.

ഇതിന്‍റെ ഭാഗമായി നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തുമടക്കം കേന്ദ്രീകരിച്ച ആർ.എസ്.എസ്-ബി.ജെ.പി-സംഘപരിവാർ സംഘടനകളും പൊലീസുമായി ഏറ്റുമുട്ടലുകൾ നടന്നു. ഇതിനു സമാന്തരമായി തന്നെ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ആക്ടിവിസ്റ്റുകളായ യുവതികളും ദർശനത്തിനെത്തി. ഇതോടെ സംഘർഷം മൂർധന്യാവസ്ഥയിലായി. ദർശനത്തിനെത്തിയ രഹന ഫാത്തിമയടക്കമുള്ളവരുടെ ബി.ജെ.പി – സി.പി.എം ബന്ധങ്ങൾ പരിശോധിക്കാൻ സർക്കാർ അന്വേഷണം നടത്താത്തതെന്തെന്ന ദുരൂഹതയും നിലനിൽക്കുകയാണ്. ഇതിനു പുറമേ ആന്ധ്രയിൽ നിന്നടക്കം വന്ന 50 വയസിൽ താഴെയുള്ളവരെ ടൂർ കമ്പനികളാണ് ശബരിമലയിലെത്തിച്ചതെന്നും പറയപ്പെടുന്നു. ഇതിനു പിന്നിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കാനും പൊലീസോ സംസ്ഥാനത്തെ ഇന്‍റലിജൻസ് വിഭാഗങ്ങളോ മുതിർന്നിട്ടില്ല. ശബരിമലയിലെ യഥാർഥ ആചാരസംരക്ഷകർ തങ്ങളാണെന്ന് ബി.ജെ.പിയും ആർ.എസ്എസും വാദിക്കുമ്പോൾ അവിടെ സംഘർഷമുണ്ടാക്കിയത് ഇതേ ആൾക്കാരാണെന്ന് സർക്കാരും സി.പി.എമ്മും ആരോപണമുയർത്തുന്നു. ശബരിമലയിലെ വിശ്വാസികളെ കരുവാക്കി പരസ്പരം ആരോപണമുന്നയിച്ച് അവർക്കിടയിൽ രാഷ്ട്രീയമായ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന ലക്ഷ്യമാണ് ഇരുകക്ഷികളും പയറ്റിയത്.

ഇതിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള യുവമോർച്ച യോഗത്തിൽ ബി.ജെ.പിയുടെ അജൻഡ വിശദീകരിച്ചു നടത്തിയ പ്രസംഗവും പുറത്തു വന്നിരുന്നു. ശബരിമല നമുക്കൊരു സുവാർണാവസരമാണെന്നും ഈ സമസ്യയെ എങ്ങനെ പൂരിപ്പിക്കണമെന്ന് അറിയില്ലെന്നും സമരത്തിന്‍റെ അവസാനം ബി.ജെ.പി-സംഘപരിവാർ ശക്തികളും സി.പി.എമ്മും മാത്രമാവും അവസാനിക്കുക എന്നുമായിരുന്നു പ്രസംഗത്തിന്‍റെ കാതൽ. പിന്നീട് സംഘർഷം സന്നിധാനത്തേക്ക് വ്യാപിപ്പിച്ച് മൂർച്ച കൂട്ടാനായിരുന്നു ശ്രമം. ഇതിന്‍റെ ഭാഗമായി ചിത്തിര ആട്ടവിശേഷത്തിന് വത്സൻ തില്ലങ്കേരിയെ ആർ.എസ്.എസ് മുൻകൈയെടുത്ത് ശബരിമലയിൽ രംഗത്തിറക്കി. അമ്പത് വയസ് പ്രായം പിന്നിട്ട രണ്ട് പേർ കൊച്ചുമകളുടെ ചോറൂണ് നടത്താൻ സന്നിധാനത്തെത്തിയപ്പോൾ അവരെ തടഞ്ഞ സംഘപരിവാർ പൊലീസ് നോക്കി നിൽക്കേ വധഭീഷണിയും അസഭ്യവർഷവും മുഴക്കി. ഇവരുടെ പ്രായം തെളിഞ്ഞതോടെ പ്രതിഷേധവും അസഭ്യവർഷവുമായി നിന്ന സംഘപരിവാർ പ്രവർത്തകരെ ശാന്തമാക്കാൻ തില്ലങ്കേരി പൊലീസിന്‍റെ മെഗാഫോൺ ഉപയോഗിച്ചതോടെ പ്രശ്‌നങ്ങൾക്കിടയിലും സി.പി.എം – ആർ.എസ്.എസ് ബാന്ധവം തെളിഞ്ഞുവന്നു.

Valsan-Thillankeri

വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ

സംഘർഷം ലഘൂകരിക്കാനും പ്രവർത്തകരെ ശാന്തമാക്കാനുമെന്ന ഭാവേന വത്സൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ കയറി ആചാരലംഘനം നടത്തിയെതും വിവാദമായി. ഇതിനു പിന്നാലെ ദേവസ്വം ബോർഡംഗം കെ.പി ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയെന്ന വസ്തുതയും പുറത്തായിരുന്നു. ഇതിൽ ആചാരലംഘനമുണ്ടോയെന്നുള്ള അന്വേഷണങ്ങൾ എവിടെയുമെത്തിയിട്ടില്ല. ഫലത്തിൽ സി.പി.എം – ബി.ജെ.പി ബന്ധം ഇവിടെയും പ്രവർത്തിച്ചതോടെ ആചാരലംഘനം മൂടിവെക്കപ്പെട്ടുവെന്നു വേണം കരുതാൻ.

ഇതിനിടെ വിശ്വാസികൾക്കൊപ്പം ഉറച്ചു നിന്ന കോൺഗ്രസും യു.ഡി.എഫും തുടക്കം കുറിച്ച അഞ്ച് മേഖലാ ജാഥകൾ സമാധാനപരമായി മുന്നോട്ടു നീങ്ങിയതും പത്തനംതിട്ടയിൽ പതിനായിരങ്ങൾ വിശ്വാസസംരക്ഷണമഹാസമ്മേളനത്തിൽ അണിനിരന്നതും ബി.ജെ.പിക്കും സി.പി.എമ്മിനും അവരുടെ അജണ്ട നടപ്പാക്കുന്നതിലുള്ള തിരിച്ചടിയായി. ശബരിമലയിലെ ആചാരസംരക്ഷണത്തെ രാഷ്ട്രീയമായി കാണാനാവില്ലെന്നും വിശ്വാസികളുടെ വേദനകൾക്കൊപ്പം നിന്ന് ആചാരങ്ങൾ പുനഃസ്ഥാപിക്കാൻ അക്രമമൊഴിവാക്കി വ്യവസ്ഥാപിത മാർഗത്തിലൂടെ നീങ്ങുമെന്നുമുള്ള സമന്ദശം പുറത്തുവിട്ടമതാടെ രാഷ്ട്രീയ ഭിന്നതകൾ മറന്ന് വിശ്വാസി സമൂഹം കോൺഗ്രസിന്‍റെ മഹാസമ്മേളനത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇത് സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരുപോലെ പ്രതിരോധത്തിലാക്കി.

Mahasangamam-1

കോണ്‍ഗ്രസ് പ്രചരണജാഥകളുടെ മഹാസമ്മേളനവേദി

ഇതോടെ മണ്ഡലകാലത്ത് ഇരുപാർട്ടികളും വിഷയത്തെ കൂടുതൽ രാഷ്ട്രീയവത്ക്കരിച്ചു നേട്ടം കൊയ്യാൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞു. നിലവിൽ മണ്ഡല പൂജയ്ക്കായി നട തുറന്നപ്പോൾ ഇതിന്‍റെ നടപ്പാക്കലാണ് പൊതുസമൂഹം കണ്ടത്. ശബരിമലയിൽ പ്രശ്‌നമുണ്ടാകാതിരിക്കാൻ എന്ന വ്യാജേന ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ, സംഘപരിവാർ നേതാവ് കെ.പിശശികല എന്നിവരെ അറസ്റ്റ് ചെയ്ത് ബി.ജെ.പിക്ക് മേൽക്കൈ നൽകുന്നതിനൊപ്പം ശബരിമലയിൽ സമാധാനം പുനഃസ്ഥാപിച്ച് സംഘർഷമൊഴിവാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന പുകമറസൃഷ്ടിക്കാനുമാണ് സർക്കാരിന്‍റെയും സി.പി.എമ്മിന്‍റെയും ശ്രമം. ശശികലയുടെ അറസ്റ്റിന് ശേഷം അർധരാത്രിയിൽ സംഘപരിവാറും ബി.ജെ.പിയും പ്രഖ്യാപിച്ച സംസ്ഥാന ഹർത്താലിൽ അയ്യപ്പ ഭക്തരുൾപ്പെടെ വലഞ്ഞു. ഇതിനു ശേഷം സുരേന്ദ്രന്‍റെ അറസ്റ്റിൽ ഹൈവേകൾ ഉപരോധിച്ച് വീണ്ടും പൊതുസമൂഹത്തെ ബുദ്ധിമുട്ടിച്ച് നേട്ടം കൊയ്യാൻ ബി.ജെ.പി ഇറങ്ങിത്തിരിച്ചു കഴിഞ്ഞു.

സംഘപരിവാർ – ബി.ജെ.പി സംഘടനകളെ ഫലപ്രദമായി എതിർക്കുന്നത് തങ്ങളാണെന്ന് വരുത്തി തീർക്കാൻ ശബരിമലയിലെ ആചാരപ്രശ്‌നമെന്ന അടവുനയത്തിലൂടെ മുന്നേറാമെന്ന മോഹമാണ് സി.പി.എമ്മിനുള്ളത്. ബി.ജെ.പി-സംഘപരിവാർ പ്രസ്ഥാനങ്ങളും സി.പി.എമ്മും എല്ലാ അർഥത്തിലും ഇരയ്‌ക്കൊപ്പം നിലയുറപ്പിക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന സമീപനമാണ് വിഷയത്തിൽ പുറത്തെടുത്തിട്ടുള്ളതെന്ന വസ്തുതയാണ് ഇവിടെ പകൽപോലെ തെളിഞ്ഞുകിടക്കുന്നത്.