തലശ്ശേരിയിൽ സിപിഎം – ആർഎസ്എസ് സംഘർഷം; വ്യാപക അക്രമം

Jaihind Webdesk
Saturday, January 5, 2019

Kannur-Akramam

തലശ്ശേരിയിൽ സിപിഎം – ആർഎസ്എസ് സംഘർഷം വ്യാപകം. എ.എൻ ഷംസീർ എംഎൽഎ യുടെയും, സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ശശിയുടെയും വീടുകൾക്ക് നേരെ ബോംബേറ്. ബിജെപി എംപി വി.മുരളീധരന്റെ തറവാട് വീടിന് നേരെയും ബോംബേറുണ്ടായി.

ആർ എസ് എസ് നേതാവ് ചന്ദ്രശേഖറിന്റെ വീട് ഒരു സംഘം തകർത്തു.ഇരിട്ടിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു.

ശബരിമലയിലെ യുവതി പ്രവേശത്തെ തുടർന്നുണ്ടായ ഹർത്താലിനിടെയുണ്ടായ അക്രമങ്ങൾക്ക് തുടർച്ചയായാണ് തലശ്ശേരിയിൽ സിപിഎം-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷം തുടങ്ങിയത്. എ.എൻ ഷംസീർ എംഎൽഎയുടെ മാടപ്പീടികയിലെ കുടുംബ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബേറിൽ ജലസംഭരണി ഭാഗികമായി തകർന്നു. .സംഭവ സമയത്ത് ഷംസീർ എംഎൽഎ വീട്ടിൽ ഉണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.

Kannur-Akramam

സി പി എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും, ലോയേഴ്സ് യൂണിയൻ നേതാവുമായ പി.ശശിയുടെ വീടിന് നേരെയും ബോംബേറുണ്ടായി.തലശ്ശേരി കോടതിക്ക് സമീപത്തെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സ്ഥലം ബോംബെറിയുകയായിരുന്നു. പി.ശശിയുടെ കുടുംബം മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. സ്ഫോടനത്തിൽ ചില്ലുകൾ തകർന്നു. ഇരിട്ടി പെരുമ്പറമ്പിൽ സിപിഎം പ്രവർത്തകൻ വിശാഖിന് വെട്ടേറ്റു.അക്രമങ്ങൾക്ക് പിന്നിൽ ആർ എസ് എസ് പ്രവർത്തകരാണെന്ന് സി പി എം ആരോപിച്ചു.ഇതിന് തുടർച്ചയായാണ് ബിജെപി എംപി വി.മുരളീധരന്റെ തലശേരി വാടിയിൽപീടികയിലെ തറവാട് വീടിനു നേരെ ബോംബേറ് നടന്നത്.

എരഞ്ഞോളി വാടിയിൽ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമം നടക്കുമ്പോൾ എംപിയുടെ പെങ്ങളും ഭർത്താവും ആണ് വീട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.

തലശേരി തിരുവങ്ങാട് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെയാണ് ആദ്യം അക്രമം നടന്നത്. വാഴയിൽ ശശിയുടെ വീട് മുഖ മൂടിസംഘം അടിച്ചു തകർത്തു. ഇതിനെ തുടർന്ന് ആർഎസ് എസ് വിഭാഗ് സംഘചാലക് കണ്ണൂർ തലശേരിയിലെ കൊളക്കാേട്ട് ചന്ദ്രശേഖരന്റെ വീടിന് നേരെ അക്രമം ഉണ്ടായി. പരിക്കേറ്റ ചന്ദ്രശേഖരനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തെ തുടർന്ന് കണ്ണൂർ ജില്ലയിൽ സുരക്ഷ ശക്തമാക്കി.