ശബരിമലയിൽ സുവർണാവസരം തേടി സിപിഎമ്മും ബിജെപിയും

Jaihind Webdesk
Friday, November 16, 2018

BJP-Sabarimala-CPM

ശബരിമലയിൽ സുവർണാവസരം തേടി സിപിഎമ്മും ബിജെപിയും. ശബരിമല വിഷയം പരമാവധി ഉപയോഗപ്പെടുത്താന്‍ ബി.ജെ.പി നേതാക്കൾക്ക് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശം നൽകി. മാംഗ്ലൂരില്‍ നടത്തിയ ആര്‍.എസ്.എസിന്‍റെ പ്രത്യേക യോഗത്തിലാണ് കേരളത്തിലെ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളോട് ശബരിമല വിഷയം പരമാവധി കത്തിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടത്.ബിജെപി തന്ത്രങ്ങൾക്ക് കുടപിടിക്കാൻ അരയും തലയും മുറുക്കി സിപിഎമ്മും സംസ്ഥാന സർക്കാരും രംഗത്തുണ്ട്.

ആര്‍.എസ്.എസ് നേതാവ് ഭയ്യാജി ജോഷി, നാഷണല്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി രാം ലാല്‍, നാഷണല്‍ ജോയിന്റ് ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് തുടങ്ങിയ പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.ശബരിമല വിഷയത്തോടെ ദക്ഷിണേന്ത്യയില്‍ അടിത്തറപാകാന്‍ മികച്ച അവസരമാണ് ലഭിച്ചതെന്ന നിഗമനത്തിലാണ് കഴിഞ്ഞ ദിവസം മംഗളൂരുവില്‍ ചേര്‍ന്ന ആര്‍.എസ്.എസിന്റെ ദക്ഷിണേന്ത്യന്‍ യോഗം എത്തിച്ചേര്‍ന്നത്.കേരളത്തിന് പുറമെ കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ശബരിമലയിലെത്തുന്ന ബഹുഭൂരിപക്ഷം ഭക്തരും. ഈ സംസ്ഥാനങ്ങളിലെ ഓരോ ബൂത്ത് തലത്തിലും ആറ് അയ്യപ്പ ഭക്തരെങ്കിലും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇവരെ സംഘടിപ്പിച്ച് പ്രചാരണം നടത്താനാണ് ആര്‍.എസ്.എസിന്റെ നിര്‍ദേശം.ഗുരുസ്വാമിമാരെ സ്വാധീനിച്ച് ഭക്തരെ ഒപ്പം നിര്‍ത്താനാണ് ബിജെപി നീക്കം. ശബരിമലയിൽ വത്സൻ തില്ലങ്കേരിക്ക് കേരള പോലീസ് നൽകിയ സ്വാതന്ത്ര്യം എടുത്തു പറയേണ്ടതാണ്. ക്രമസമാധാനം തകർക്കുന്ന ആർഎസ്എസ് ബിജെപി നേതാകൾക്കെതിരെ സംസ്ഥാന സർക്കാർ ചെറുവിരൽ അനക്കിയിട്ടില്ല. കോൺഗ്രസ് മുക്ത ഭാരതമെന്ന അമിത്ഷായുടെ ലക്ഷ്യത്തിന് കേരളത്തിൽ സിപിഎമ്മു മൊത്ത് വിത്ത് പാകുകയാണ് ബിജെപി.ശബരിമല ബിജെപിക്ക് സുവർണാവസരമെണ് ശ്രീധരൻപിള്ള പറയുമ്പോൾ സിപിഎമ്മിന് സുവർണാവസരമെന്ന് സിപിഎം മുഖപത്രം പീപ്പിൾ ഡെമോക്രസിയും പറയുന്നു.പുറമെ വിശ്വാസികൾക്ക് എതിരെ നിലപാട് സ്വീകരിച്ച് കൈയ്യടി വാങ്ങാൻ ശ്രമിക്കുന്ന പിണറായി പരോക്ഷമായി തന്റെ നിലപാടിലൂടെ ആർഎസ്എസ് പ്രചാരകനാവുകയാണ്. ഇതാണ് ബിജെപിയിലേക്കുള്ള റിക്രൂട്ടിംഗ് ഏജൻസിയായി സിപിഎം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ബി ജെ പി ഫാസിസ്റ്റ് പാർട്ടിയല്ല എന്ന് പറഞ്ഞ സി പി എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാചകവും ഇതിനൊപ്പം കൂട്ടി വായിക്കാം.