ശബരിമലയെ അയോധ്യയാക്കാന്‍ സി.പി.എം-ബി.ജെ.പി ശ്രമം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Tuesday, November 6, 2018

ശബരിമലയുടെ നിയന്ത്രണം ആര്‍.എസ്.എസിനെ ഏല്‍പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്‍.എസ്.എസും സി.പി.എമ്മും തമ്മിലുള്ള രഹസ്യധാരണ ഒരിക്കല്‍ക്കൂടി പുറത്തായി. ശബരിമലയെ അയോധ്യയാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് ഇരുകൂട്ടരുമെന്നും അദ്ദേഹം പറഞ്ഞു.

പോലീസിന്‍റെ നിഴല്‍പോലും അവിടെ ഇല്ലാതെ വന്നപ്പോള്‍ ഭക്തജനങ്ങളും സ്ത്രീകളും മാധ്യമപ്രവര്‍ത്തകരും വഴിയാധാരമായി. സന്നിധാനത്തിന്‍റെ പൂര്‍ണ നിയന്ത്രണം ആര്‍.എസ്.എസുകാര്‍ കയ്യടക്കി. പോലീസിന്‍റെ മെഗാഫോണ്‍ വരെ ആര്‍.എസ്.എസ് നേതാവിന്‍റെ കയ്യിലായിരുന്നു. അതിലൂടെയാണ് ആര്‍.എസ്.എസുകാര്‍ക്ക് നിര്‍ദേശം നല്‍കിയത്. 50 വയസുകഴിഞ്ഞ സ്ത്രീകളെയും ആര്‍.എസ്.എസ് കടുത്ത പരിശോധനയ്ക്ക് വിധേയമാക്കി. മാധ്യമ പ്രവര്‍ത്തകരെ വീണ്ടും ആക്രമിച്ചു. ആര്‍.എസ്.എസ് സന്നിധാനം പിടിച്ചെടുത്തിട്ടും മുഖ്യമന്ത്രി നിസംഗമായാണ് പ്രതികരിച്ചത്. ശബരിമലയില്‍ എല്ലാം ഭദ്രമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഞെട്ടിപ്പിച്ചതായും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പാവനമായ 18-ാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിനിന്നാണ് ആര്‍.എസ്.എസ് നേതാവ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ദേവസ്വം ബോര്‍ഡ് മെംബര്‍ ഇരുമുടിക്കെട്ടില്ലാതെയാണ് 18-ാം പടി കയറിയത്. ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുന്നതില്‍ ആര്‍.എസ്.എസും ഇടതുപക്ഷവും തമ്മില്‍ മത്സരിക്കുകയാണ്. ശബരിമല ഇരുകൂട്ടരുടെയും ശക്തിപ്രകടനത്തിന് വേദിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയെ ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുവര്‍ക്ക് സഹിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല ഇപ്പോള്‍ അവിടെ നടക്കുന്നത്. ബി.ജ.പിയും സി.പി.എമ്മും സംയമനത്തിന്‍റെ പാതയിലേക്ക് തിരിച്ചുവരണമെന്നും വിവേകപരമായ ഇടപെടല്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഉണ്ടാകണമെന്നും കെ.പി.സി.സി അധ്യക്ഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.