തമ്മില്‍ വെട്ടി സി.പി.എം; സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പിച്ചു

Jaihind Webdesk
Thursday, February 28, 2019

കണ്ണൂർ സിറ്റി മരക്കാർ കണ്ടിയിൽ സി.പി.എം പ്രവർത്തകർ സി.പി.എം പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ നടപടി എടുക്കാതെ പൊലീസ്. മരക്കാർ കണ്ടിയിലെ സി.പി.എം പ്രവർത്തകനായ രതീഷിനെ ഒരു സംഘം സി.പി.എം പ്രവർത്തകർ ഈ മാസം പതിനൊന്നിനാണ്  അക്രമിച്ചത്. കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം ഇതുവരെയും എങ്ങുമെത്തിയില്ല.

കണ്ണൂർ സിറ്റിയിലെ മരക്കാർ കണ്ടി തെരേസ കോളനിയിലെ അറയ്ക്കൽ ലൈനിൽ താമസിക്കുന്ന എ രതീഷിനെയാണ് സി.പി.എം പ്രവർത്തകർ വെട്ടി പരിക്കേൽപ്പിച്ചത്. ഈ മാസം പതിനൊന്നിനായിരുന്നു സംഭവം. സി.പി.എം പ്രവർത്തകനായ രതീഷിനെ മറ്റൊരു സി.പി.എം പ്രവർത്തകനായ തയ്യിൽ ദാസൻ എന്ന് വിളിക്കുന്ന ഷിയറാസ് നിർബന്ധപൂർവ്വം ബൈക്കിൽ കയറ്റി കൊണ്ടു പോകുകയും വഴിയിൽ വെച്ച് മുഖംമുടി ധരിച്ചെത്തിയ അക്രമികൾ  കാലിന് വെട്ടുകയുമായിരുന്നു.

സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു അക്രമം. രതീഷിന് നേരെ അക്രമം നടക്കുമ്പോൾ ദാസൻ ബോധപൂർവം മാറി നിന്നു. അക്രമത്തിൽ പരിക്കേറ്റ രതീഷിനെ പിന്നീട് ദാസൻ തന്നെയാണ് നാട്ടിലെത്തിച്ചത്. കാലിന് പരിക്കേറ്റ ദാസൻ ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലും ചികിത്സ തേടി. കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. സി.പി.എം നേതാക്കളുടെ സമർദത്തെ തുടർന്ന് തന്നെ അക്രമിച്ച കേസ് ഇല്ലാതാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് രതീഷ് പറഞ്ഞു. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് രതീഷും കുടുംബവും.