സി.പി.എമ്മിന്റെ എം.എല്‍.എ, ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി

Jaihind Webdesk
Sunday, April 21, 2019

പശ്ചിമ ബംഗാളിലെ ഹബീബ്പൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സിപിഎമ്മിന്റെ നിലവിലെ എം എല്‍ എ ഖൊഖന്‍ മുര്‍മു. നിലവിലുള്ള എം.എല്‍.എ പദവി രാജിവെക്കാതെയാണ് മാല്‍ദ നോര്‍ത്തില്‍ നിന്നും മുര്‍മുവിന്റെ പോരാട്ടം. സി.പി.എം സെക്രട്ടറിയേറ്റ് അംഗവും ആള്‍ ഇന്ത്യാ കിസാന്‍ സഭാ അംഗവുമായിരുന്നു മുര്‍മു. സിപിഎമ്മിന്‍ ബംഗാളില്‍ പ്രസക്തി നഷ്ടമായെന്നും നരേന്ദ്രമോദിയിലാണ് വംഗനാടിന്റെ പ്രതീക്ഷയെന്നുമാണ് മുര്‍മുവിന്റെ വാദം.
സി.പി.എമ്മിന് വേണ്ടി മാല്‍ദ നോര്‍ത്തില്‍ നിന്നും ബിശ്വനാഥ് ഘോഷ് എന്ന പഴയ പടക്കുതിര മല്‍സരംഗത്തുണ്ടെങ്കിലും കാലുമാറിയ ഖൊഖന്‍ മുര്‍മു പാര്‍ട്ടിക്ക് ഏല്‍പ്പിച്ച ക്ഷീണം കുറച്ചൊന്നുമല്ല. കൂറുമാറിയ മുര്‍മു മണ്ഡലത്തില്‍ ചര്‍ച്ചയാവുന്നുണ്ടെങ്കിലും പാര്‍ട്ടി അതിശക്തമായി മല്‍സരരംഗത്തുണ്ടെന്നാണ് ഘോഷ് അവകാശപ്പെടുന്നത്. അങ്ങനെയൊരു കൂറുമാറ്റത്തിന് എന്തെങ്കിലും രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്നു പോലും അംഗീകരിക്കാന്‍ പാര്‍ട്ടി തയാറാവുന്നില്ല.
എന്നാല്‍ ബീഗം മുഅസ്സവുമായി താനാണ് പോരാട്ട രംഗത്തെന്നും കോണ്‍ഗ്രസോ സി.പി.എമ്മോ ചിത്രത്തിലേ ഇല്ലെന്നുമാണ് മുര്‍മുവിന്റെ അവകാശവാദം. ബംഗാളില്‍ സി.പി.എമ്മിന് ഒരിടത്തും ജനപിന്തുണയില്ലെന്നും നരേന്ദ്ര മോദിയാണ് കാലഘട്ടത്തിന്റെ നേതാവെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.