പത്തനംതിട്ട : ആറന്മുള നിയമസഭാ മണ്ഡലത്തിലും ഗുരുതര വീഴ്ച സംഭവിച്ചതായി സിപിഎം റിപ്പോർട്ട്. 267 പാര്‍ട്ടി അംഗങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നു. തുടര്‍ഭരണം ഉണ്ടാവില്ലെന്ന് കരുതിയാണ് ഒരു വിഭാഗം പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നതെന്നും ഇത്തരക്കാരുടെ ആവശ്യങ്ങള്‍ക്ക് കത്തുകള്‍ നല്‍കരുതെന്നും നിർദേശം നല്‍കിയതായാണ് വിവരം.
ഇരവിപേരൂര്‍, കോഴഞ്ചേരി, പന്തളം, പത്തനംതിട്ട ഏരിയാ കമ്മിറ്റികളുടെ കീഴിലുള്ള 22 ലോക്കല്‍ കമ്മിറ്റികളില്‍ 20 ഇടത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനിന്നെന്നാണ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. കുമ്പഴ, കുളനട, ഇരവിപേരൂര്‍, വള്ളംകുളം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രവർത്തകർ വിട്ടുനിന്നത്. മല്ലപ്പുഴശ്ശേരിയില്‍ ലോക്കല്‍ കമ്മിറ്റി അംഗം സ്ലിപ്പ് വിതരണം ചെയ്തില്ലെന്നും കണ്ടെത്തലുണ്ട്.
പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥി വീണാ ജോര്‍ജ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പ്രാദേശികമായി ശേഖരിച്ച വിവരത്തിനൊപ്പം മൊബൈല്‍ ആപ്പിന്‍റെ സഹായത്തോടെ ലഭിച്ച വിവരങ്ങളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ. പദ്മകുമാറിന്‍റെ നേതൃത്വത്തില്‍ അവലോകന റിപ്പോര്‍ട്ട് തയാറാക്കിയത്.