മുഖ്യമന്ത്രിക്ക് നാമജപം അസ്വസ്ഥതയുണ്ടാക്കി; നേതാക്കള്‍ വൈദ്യുതി വിച്ഛേദിച്ചു

webdesk
Tuesday, April 16, 2019

തിരുവനന്തപുരം കാട്ടാക്കടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രിക്ക് പ്രസംഗിക്കുന്നതിനായി ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ വൈദ്യുതി വിച്ഛേദിച്ച് സി.പി.എം നേതാക്കള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച ഉച്ചഭാഷിണിയില്‍ നിന്നുയര്‍ന്ന നാമജപം ഉയര്‍ന്നത്.

ഇതിനെത്തുടര്‍ന്ന് പ്രസംഗിക്കാനാകാതെയായ മുഖ്യമന്ത്രി തന്റെ അസ്വസ്ഥത നേതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കാട്ടാക്കടയിലായിരുന്നു സംഭവം. ആറ്റിങ്ങലിലെ ഇടതു സ്ഥാനാര്‍ഥിയുടെ പ്രചരണാര്‍ത്ഥം കാട്ടാക്കടയിലെത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
വേദിയില്‍ നിന്ന് ഇറങ്ങിവന്ന ഐ ബി സതീഷ് എം.എല്‍.എ, വി.ശിവന്‍ കുട്ടി എന്നിവരും പ്രവര്‍ത്തകരും ചേര്‍ന്നാണ് ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഇത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ചാനല്‍ പ്രവര്‍ത്തകനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു.