സി.പി.എം സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Friday, April 12, 2019

മുക്കം: സി.പി.എം എല്ലാ സമയത്തും സിബിഐ അന്വേഷണത്തെ ഭയപ്പെടുകയാണെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മിന് പെരിയ കൊലപാതകവുമായി ബന്ധമില്ലെങ്കിൽ ഏത് അന്വേഷണത്തെയും സ്വീകരിക്കുകയാണ് വേണ്ടത്. പെരിയ കൊലപാതകത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പങ്കാളിത്തം വ്യക്തമാണെന്നും ആ പങ്കാളിത്തം മറച്ചുവെക്കാൻ വേണ്ടിയിട്ടാണ് സിബിഐയെ ഭയപ്പെടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. പിണറായി അടക്കമുള്ളവർക്ക് സിബിഐ എന്ന പേര് കേട്ടാൽ തന്നെ ഭയമാണ്. നിർഭയമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ സിബിഐയെ ഭയപ്പെടേണ്ട കാര്യമില്ല. പെരിയ കേസ് ശരിയായ രീതിയിൽ അന്വേഷിച്ചാൽ കുറ്റവാളികളെ കണ്ടു പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാലാണ് സിപിഎം അന്വേഷണത്തെ ഭയക്കുന്നത്.

അതിനാലാണ് പെരിയ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഇപ്പോൾ സത്യവാങ്മൂലം നൽകിയിട്ടുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇന്ത്യയെയും പാകിസ്താനെയും തിരിച്ചറിയാൻ കഴിയാത്ത ഒരു പാർട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷൻ കുറിച്ച് താൻ എന്ത് പറയാനാണെന്ന് അമിത് ഷായുടെ പ്രസ്താവനയെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. അമിത് ഷാ യുടെ പരാമർശം ആപൽക്കരമായ പ്രസ്താവനയാണ്. ഇന്ത്യൻ സമൂഹത്തെ മതപരമായ ധ്രുവീകരണത്തിലേക്ക് നയിക്കുന്ന പ്രസ്താവനയാണത്. ഇത് യാദൃശ്ചികമായി വന്നതല്ല.

അഖിലേന്ത്യ ബിജെപിയുടെയും ആർഎസ്എസിന്റെയും പൂർണ പിന്തുണയോട് കൂടിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുള്ളതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് നാനാജാതി മതസ്ഥരുടെ സംഗമഭൂമിയാണ്. വയനാട്ടുകാർ ഉയർത്തിപ്പിടിക്കുന്ന മതേതര തത്വം തകർക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് അമിഷ് ഷാ ഇത്തരമൊരു അപകടകരമായ പ്രസ്താവന നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പ്രസ്താവന പിൻവലിക്കണമെന്നും കേരള സമൂഹത്തിനോട് മാത്രമല്ല ഇന്ത്യയിലെ ജനങ്ങളോട് കയ്യുംകെട്ടി അദ്ദേഹം മാപ്പ് പറയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.