ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി കരുണാകരന്‍ ഒഴികെയുള്ള സിറ്റിങ് എം.പിമാരെ മത്സരിപ്പിക്കാന്‍ സി.പി.എമ്മില്‍ ധാരണ. കണ്ണൂരില്‍ പി.കെ ശ്രീമതി, പാലക്കാട് എം.ബി രാജേഷ്, ആലത്തൂര്‍ പി.കെ ബിജു, ആറ്റിങ്ങല്‍ എ സമ്പത്ത്, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജ് എന്നിവര്‍ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിറ്റിങ് എം.പിമാരില്‍ പി കരുണാകരന് സീറ്റില്ല. തിരുവനന്തപുരത്ത് ചേരുന്ന സി.പി.എം നേതൃയോഗത്തിലാണ് തീരുമാനം. ജെ.ഡി.എസിന് ഇത്തവണ സീറ്റ് നല്‍കേണ്ടെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. ജെ.ഡി.എസിന്റെ സീറ്റ് കൂടി സി.പി.എം ഏറ്റെടുക്കണമെന്നാണ് ആവശ്യം.
ചാലക്കുടിയില്‍ നിന്ന് ഇന്നസെന്റിനെ എറണാകുളത്തേക്കു മാറ്റാനും ആലോചനയുണ്ട്. കോട്ടയം സീറ്റ് ജനതാദള്‍ എസില്‍ നിന്ന് തിരിച്ചെടുക്കാനും യോഗം തീരുമാനിച്ചു. ആലത്തൂരില്‍ കെ.രാധാകൃഷ്ണന്റെ പേര് ശക്തമായി ഉയര്‍ന്നിരുന്നെങ്കിലും, പി.കെ.ബിജുവിന് വീണ്ടും അവസരം നല്‍കാനാണ് തീരുമാനം. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജു തന്നെ സ്വതന്ത്രസ്ഥാനാര്‍ഥിയാകും. കൊല്ലത്ത് കെ.എന്‍.ബാലഗോപാലും സീറ്റുറപ്പിച്ചുകഴിഞ്ഞു. കാസര്‍കോട് പി.കരുണാകരന്‍ മല്‍സരരംഗത്തുണ്ടാവില്ല.
കോട്ടയം തിരിച്ചെടുത്ത് പതിനാറു സീറ്റിലും സി.പി.എം മല്‍സരിക്കണമെന്നാണ് സെക്രട്ടേറിയറ്റിന്റെ പൊതുവികാരം. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും അന്തിമതീരുമാനം. ഇന്ന് സെക്രട്ടേറിയറ്റ് തയാറാക്കുന്ന പട്ടിക നാളെ ലോക്‌സഭാ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യും. മറ്റന്നാള്‍ മുതല്‍ ചേരുന്ന സംസ്ഥാനസമിതിക്കു ശേഷം കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരത്തോടെ ഔദ്യോഗികമായി പ്രഖ്യാപിക്കും. കാസര്‍കോട് കെ.പി.സതീഷ് ചന്ദ്രന്‍, ചാലക്കുടിയില്‍ പി.രാജീവ്, കോട്ടയത്ത് സുരേഷ് കുറുപ്പ്, വടകരയില്‍ മുഹമ്മദ് റിയാസ്, കോഴിക്കോട് എ.പ്രദീപ് കുമാര്‍, പത്തനംതിട്ടയില്‍ രാജു എബ്രഹാം മലപ്പുറത്ത് വി.പി.സാനു എന്നിവര്‍ക്കാണ് നിലവില്‍ മുന്‍തൂക്കം. മലപ്പുറത്തും പൊന്നാനിയിലും പൊതുസ്വതന്ത്രരെ പരീക്ഷിക്കുന്ന കാര്യവും സെക്രട്ടേറിയറ്റിന്റെ പരിഗണനയിലുണ്ട്.