രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ആയിരത്തിലേക്ക്; കൊവിഡ് കേസുകളും കുത്തനെ കൂടി; ആശങ്ക

 

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഒമിക്രോൺ കേസുകള്‍ ആയിരത്തിലേക്ക്. മൂന്നാം തരംഗത്തിന്‍റെ ആശങ്കയുണർത്തി കൊവിഡ് കേസുകളിലും വന്‍ കുതിപ്പ്. ഒറ്റ ദിവസം കൊണ്ട്  45 ശതമാനം വര്‍ധനവാണ് കൊവിഡ് കേസുകളില്‍ ഉണ്ടായത്. 24 മണിക്കൂറിൽ 13,154 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍  961 ആയി.

ഡൽഹിയിൽ 263 പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 252 കേസുകള്‍ സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 97 പേര്‍ക്കും രാജസ്ഥാനില്‍ 69 പേര്‍ക്കും കേരളത്തില്‍ 65 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 22 സംസ്ഥാനങ്ങളില്‍ ഒമിക്രോൺ സ്ഥിരീകരിച്ചു. 320 പേർ രോഗമുക്തരായി.

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13154 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 268 പേര്‍ മരിച്ചു. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,48,22,040 ആയി. ആകെ മരണം 4,80,860 ആയി. നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 82,402 ആണ്. കഴിഞ്ഞ ദിവസം 9155 ആയിരുന്നു രാജ്യത്തെ പ്രതിദിന കേസുകൾ. അതിന് മുമ്പ് ആറായിരത്തോളം കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. ഇതിൽ നിന്നാണ് പതിമൂവായിരത്തിലേക്കുള്ള കുതിപ്പ്. കൊവിഡ് മൂന്നാം തരംഗ ജാഗ്രത മുന്നറിയിപ്പ് കേന്ദ്രം ആവർത്തിക്കുന്നതിനിടെയാണ് കേസുകളിലെ വൻ വർധന.

രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കർശനമാക്കി.  ഡൽഹിക്ക് പുറമേ ഗോവ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിച്ചു. രാജസ്ഥാനിൽ ജനുവരി ഒന്ന് മുതൽ വാക്സിൻ എടുത്തവർക്ക് മാത്രമേ പൊതുഇടങ്ങളിൽ പ്രവേശനമുള്ളൂ.  ഗോവയിൽ സിനിമാ തിയറ്ററുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവര്‍ക്കോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ മാത്രമേ ഗോവയിൽ പ്രവേശിക്കാൻ സാധിക്കൂ.

വരും നാളുകൾ കൊവിഡ് സുമാനിയുടേതാണെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘനകയും നൽകുന്നത്. കൊറോണ വൈറസിന്‍റെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ മൂലം രോഗികളുടെ എണ്ണം കുതിച്ച് ഉയരുമെന്നും പുതിയ കൊവിഡ് വകഭേദങ്ങൾ പല രാജ്യങ്ങളുടേയും ആരോഗ്യ സംവിധാനം തകർത്തെറിയുമെന്നുമാണ് മുന്നറിയിപ്പ്. വാക്സീൻ എടുക്കാത്തവരിൽ രോഗം വലിയആഘാതമുണ്ടാക്കുമെന്നും ഡബ്യൂ എച്ച് ഓ മേധാവി ടെഡ്റോസ് അദാനോം പറഞ്ഞു.

Comments (0)
Add Comment