ഫോണ്‍വിളി ശേഖരണത്തില്‍ നിലപാട് തിരുത്തി സര്‍ക്കാര്‍; പരിശോധിക്കുന്നത് ടവർ ലൊക്കേഷന്‍ മാത്രമെന്നും വാദം; വിശദീകരണം പ്രതിപക്ഷ നേതാവിന്‍റെ ഹർജിയില്‍

 

കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍വിളി ശേഖരണത്തില്‍ നിലപാട് തിരുത്തി സര്‍ക്കാര്‍. ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും ടവര്‍ ലൊക്കേഷന്‍ മാത്രമാണ് പരിശോധിക്കുന്നതെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിലാണ് സര്‍ക്കാരിന്‍റെ വിശദീകരണം. അതേസമയം കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ഫോൺ വിളി പരിശോധിക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ പൊലീസിന് അനുവാദം നൽകുന്ന സർക്കാർ നടപടി സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും രമേശ് ചെന്നിത്തല ഹർജിയിൽ ആരോപിച്ചിരുന്നു. കൊവിഡ് രോഗികൾ ക്വാറൻറൈൻ ലംഘിക്കുന്നുണ്ടോ എന്നറിയാൻ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ മതി. ഫോൺവിളികളുടെ വിശദാംശങ്ങൾ ശേഖരിക്കേണ്ടതില്ല. വ്യക്തികളുടെ അനുമതിയില്ലാതെ ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവിന്‍റെ ഹർജിയിൽ പറയുന്നു

Comments (0)
Add Comment