കണ്ണൂരിലും കാസര്‍ഗോഡും കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു; കണ്ണൂരില്‍ വിവരം ചോര്‍ന്നത് ഔദ്യോഗിക ആപ്പില്‍ നിന്ന്‌

കണ്ണൂരിലും കാസര്‍ഗോഡും കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നതായി പരാതി. സമ്പർക്കപ്പട്ടികയിലുള്ളവരുടെയും വിവരങ്ങള്‍ ചോര്‍ത്തി. കണ്ണൂരില്‍ എസ്.പിയുടെ നിർദ്ദേശപ്രകാരം നിർമ്മിച്ച ആപ്പ് വഴിയാണ് വിവരങ്ങൾ ചോർന്നത്. കണ്ണൂരിലെയും മാഹിയിലെയും മുഴുവന്‍ കൊവിഡ് ബാധിതരുടെയും അവരുമായി ബന്ധപ്പെട്ട പ്രൈമറി, സെക്കന്‍ററി പട്ടികയിലുള്ളവരുടെയും വിശദാംശങ്ങള്‍ സംബന്ധിച്ച ഒരു ആപ്പ് പൊലീസ് വകുപ്പാണ് വികസിപ്പിച്ചെടുത്തത്.

ഇക്കഴിഞ്ഞ 22 നാണ് ഈ ആപ്പ് പ്രവര്‍ത്തനക്ഷമമായത്. കണ്ണൂര്‍ പൊലീസിലെ സൈബര്‍ സെല്ലിലുള്ള വിദഗ്ധരാണ് ഈ ആപ്പിന് പിന്നില്‍.  ആപ്പിലൂടെ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ കൊവിഡ് രോഗ ബാധിതരുടെയും  വിശദാംശങ്ങളും പൊലീസുകാര്‍ക്ക് അനായാസം ലഭിക്കും. രോഗികളുടെ പേര് വിവരങ്ങളും വിലാസവും ഇവരുടെ താമസസ്ഥലത്തേക്കുള്ള റൂട്ട് മാപ്പും ഫോണ്‍ നമ്പറുമടക്കമുള്ള വിവരങ്ങളാണ് ഈ ആപ്പിലൂടെ ലഭിക്കുക.  ആപ്പ് പാസ്‍വേര്‍ഡ് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാകാത്ത തരത്തിലാണ് നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഈ പാസ്‍വേര്‍ഡ് ചോര്‍ന്നതിനെ തുടര്‍ന്നാണ്  വിവരങ്ങള്‍ പുറത്തായതെന്നാണ് സൂചന.

കാസർഗോട്ടെ കൊവിഡ് രോഗികളെ  ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ കൊന്റൽ സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയാണ് കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെട്ടത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തും. ദേശീയ കൊവിഡ് സെല്ലിൽ നിന്നെന്ന് പരിചയപ്പെടുത്തിയാണ് രോഗികളെ കമ്പനി ബന്ധപ്പെട്ടത്.

അതിനിടെ വിവരങ്ങൾ തേടിയ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തും.  ആരാണ് ഫോൺ വിളിച്ചതെന്നും എന്താണ് ഇവരുടെ ലക്ഷ്യം എന്നും കണ്ടെത്താനാണ് നിർദേശം. ദേശീയ കൊവിഡ് സെല്ലിൽ നിന്നാണോ ഇത്തരത്തിൽ ഫോൺ വിളി വന്നതെന്നും പരിശോധിക്കും. എന്നാൽ ഇക്കാര്യത്തിൽ അസ്വാഭാവികത ഇല്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.

Comments (0)
Add Comment