ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍ ആശുപത്രി വിട്ടു; മുഖ്യമന്ത്രിയുടെ പരാമർശം ഏറെ വേദനിപ്പിച്ചുവെന്ന് പ്രതികരണം

 

ഇടുക്കി: ഇടുക്കിയിൽ കൊവിഡ് ബാധിതനായ പൊതുപ്രവർത്തകൻ എ.പി.ഉസ്മാൻ ആശുപത്രി വിട്ടു. കഴിഞ്ഞ മൂന്നു പരിശോധനാ ഫലവും നെഗറ്റീവായതിനെ തുടർന്നാണ് ആശുപത്രി വിട്ടത്. മുഖ്യമന്ത്രിയുടെ പരാമർശം ഏറെ വേദനിപ്പിച്ചതായി ഉസ്മാൻ പറഞ്ഞു. രോഗമുണ്ടെന്നറിഞ്ഞതിന് ശേഷം ഒരു യാത്രയും നടത്തിയിട്ടില്ല പനി വരുന്നതിന് മുമ്പ് നടത്തിയ യാത്രയുടെ പേരിൽ പഴി കേൾക്കേണ്ടി വന്നതിൽ ദു:ഖമുണ്ട്. പൊതു പ്രവർത്തന രംഗത്ത് ഉറച്ചു നിൽക്കുമെന്നും ഉസ്മാൻ വ്യക്തമാക്കി.

അതേസമയം  മുഖ്യമന്ത്രിയുടെ പ്രതികരണം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പൊതുപ്രവർത്തകൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എന്നാല്‍ രോഗം സംശയിക്കപ്പെട്ട ശേഷം അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല. ഫെബ്രുവരി 29 മുതൽ താനുമായി അടുത്തിടപെഴുകിയവർ ദയവായി പരിശോധനകൾക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടയിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും പൊതുവികാരം ഉയർന്നിരുന്നു.

Comments (0)
Add Comment