കേരളത്തെ ഞെട്ടിച്ച കെവിൻ വധക്കേസിൽ വിധി ഇന്ന്. രാവിലെ 11 മണിക്ക് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. പത്ത് പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം മെയ് 27 ന് ആണ് പ്രണയിച്ചു എന്നതിന്‍റെ പേരിൽ കെവിനെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത്. പോലീസ് നൽകിയ കുറ്റപത്രത്തിൽ പതിനാല് പേരെ പ്രതി ചേർത്തിരുന്നു എങ്കിലും ഇതിൽ 10 പേര്‍ കുറ്റക്കാരെന്നാണ് കോടതിയുടെ കണ്ടെത്തൽ. ദുരഭിമാനക്കൊല എന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസ് അപൂർവങ്ങളില്‍ അപൂർവമായി പരിഗണിക്കേണ്ടിവരുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെയുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം എന്നാണ് പ്രോസിക്യൂഷൻ വാദം. ജാതീയ ഉച്ചനീചത്വത്തിനെതിരെയുള്ള മാതൃകാപരമായ ശിക്ഷാ വിധി ആയിരിക്കണം പ്രതികൾക്ക് നൽകേണ്ടതെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു. കൊലപാതകത്തിന് പുറമെ കണ്ടെത്തിയ തട്ടികൊണ്ടുപോകൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്ക് പ്രതികൾ പ്രത്യേകം ശിക്ഷ അനുഭവിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളിൽ നിന്ന് നഷ്ടപരിഹാര തുക ഈടാക്കി അത് ഇരകൾക്ക് നൽകണം എന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു.
കെവിന്‍റെ ഭാര്യയും കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ സഹോദരിയുമായ നീനുവിന്‍റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവ്. കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും ദുരഭിമാനക്കൊലയാണിതെന്നും നീനു കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
അതേസമയം പ്രതികളുടെ പ്രായവും ജീവിത സാഹചര്യവും കണക്കിലെടുത്ത് പരമാവധി ശിക്ഷ നൽകരുതെന്ന് പ്രതിഭാഗം മറുവാദം ഉന്നയിച്ചു. പ്രതികൾ മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നില്ലെന്ന വസ്തുത കണക്കിലെടുക്കണമെന്നും പ്രതിഭാഗം പറഞ്ഞു.