കോവിഡ്-19 രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും, രോഗബാധയെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാനും ബഹ്റൈൻ പുതിയ ആപ്പ് പുറത്തിറക്കുന്നു. ബി-അവെയർ എന്ന പേരിലുള്ള ആപ്പില്‍ രാജ്യത്തെ കോവിഡ് സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ ലഭ്യമാക്കും.
കോവിഡ് വൈറസ് രോഗ ബാധ ലോകമെമ്പാടും പടരുന്ന സാഹചര്യത്തിലാണ് പുതിയ ആപ്പുമായി ബഹ്റൈന്‍ രംഗത്തെത്തുന്നത്. ബി-അവെയർ എന്ന് പേര് നൽകിയിരിക്കുന്ന ആപ്പിൽ രോഗ ബാധ സ്ഥിരീകരിച്ചവർ എത്തിയ സ്ഥലങ്ങൾ ഏതൊക്കെയെന്നുള്ള ഉൾപ്പടെയുള്ള വിവരങ്ങൾ ലഭിക്കും. apps.bahrain.bh എന്ന പോർട്ടലിൽ നിന്ന് ആപ്പ് ഉടൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. രോഗബാധിതർ സന്ദർശനം നടത്തിയ സ്ഥലത്ത് ആരെങ്കിലും എത്തിയാൽ മുന്നറിയിപ്പ് അടക്കം സമ്പർക്ക ശൃംഖല കണ്ടെത്തുന്ന ഈ ആപ്പിൽ നിന്നും ലഭ്യമാകും. ആപ്പിലൂടെ നൽകുന്ന വിവരങ്ങൾ രഹസ്യ
സ്വഭാവമുള്ളതും വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമായിരിക്കുമെന്നും അതികൃതർ വ്യക്തമാക്കി. രോഗവ്യാപനം തടയാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് സമ്പർക്ക ശൃംഖല കണ്ടെത്തൽ. സ്വയം സുരക്ഷിതനാകുന്നതിനൊപ്പം കുടുംബത്തെയും രാജ്യത്തെയും സംരക്ഷിക്കുന്നതിനും എല്ലാ പൗരൻമാരും പ്രവാസികളും ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും ബഹ്റൈൻ സർക്കാർ നിർദേശം നൽകി.