മധ്യപൂര്‍വദേശത്ത് കൊറോണ പടരുന്നു : ദുബായ്, ഷാര്‍ജ വിമാനങ്ങള്‍ രണ്ടു ദിവസത്തേക്ക് നിര്‍ത്തിവെച്ച് ബഹറിന്‍ ; ആശങ്കയില്‍ വ്യാപാര-ടൂറിസം മേഖല

Elvis Chummar
Tuesday, February 25, 2020

 

ദുബായ് : ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള വിമാനങ്ങള്‍ അടുത്ത 48 മണിക്കൂര്‍ സമയത്തേക്ക് ബഹറിന്‍ നിര്‍ത്തിവെച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് ഇതെന്ന് ബഹറിന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് അറിയിച്ചു. ഇറാനില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിമാനത്താവളങ്ങളാണ് ദുബായിയും ഷാര്‍ജയും. അതിനാലാണ് ഈ പുതിയ നിയന്ത്രണം. അതേസമയം, ബഹറിന്‍റെ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ വഴി ടിക്കറ്റ് എടുത്ത കണക്ഷന്‍ ഫ്‌ളൈറ്റ് യാത്രക്കാരെയും സര്‍വീസ് നിര്‍ത്തിയത് വലിയ രീതിയില്‍ ബാധിച്ചു. രണ്ടു ദിവസത്തേക്കുള്ള ബഹറിന്‍റെ സര്‍വീസ് നിര്‍ത്തിവെക്കല്‍ തീരുമാനം വീണ്ടും നീട്ടിയാല്‍ ഗള്‍ഫിലെ വ്യാപാര വാണിജ്യ മേഖല വന്‍ പ്രതിസന്ധിയിലാകും. നിലവില്‍ ഖത്തറുമായുള്ള യു.എ.ഇയുടെ ഉപരോധം തുടരുന്നതിനാല്‍ യു.എ.ഇയില്‍ നിന്ന് ഖത്തറിലേക്ക് നേരിട്ടുള്ള വിമാന യാത്ര സാധ്യമല്ല. ഇതിന് പിന്നാലെയാണ് ബഹറിന്‍റെ പുതിയ നിയന്ത്രണം. ഒമാനും ഇറാനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി.

കോവിഡ് 19 ന്‍റെ സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ളതിനാല്‍ സഹകരിക്കണമെന്ന് ബഹറിന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വിമാന കമ്പനികളോടും യാത്രക്കാരോടും അഭ്യര്‍ഥിച്ചു. ബഹറിനിലെത്തുന്ന എല്ലാ യാത്രക്കാരെയും ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കും. എന്തെങ്കിലും അസുഖം കണ്ടെത്തിയാല്‍ ഉടന്‍ പ്രത്യേക കേന്ദ്രത്തില്‍ ചികിത്സ നടത്താനാണ് തീരുമാനം. അതേസമയം മധ്യപൂര്‍വദേശത്തെ രാജ്യങ്ങളില്‍ കൊറോണ കൂടുതലായി പടരുകയാണെന്നും ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ ബഹറിന്‍, കുവൈത്ത്, ഒമാന്‍ ലബനന്‍ എന്നീ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. യു.എ.ഇയിലും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തി.

 

 

ഇറാനിലേക്കും തായ്‌ലാന്‍ഡിലേക്കും യാത്ര ചെയ്യരുതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം സ്വദേശികള്‍ക്ക് കഴിഞ്ഞ ദിവസം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇറാനില്‍ മാത്രം ഇതിനകം 50 പേര്‍ ഈ മാരക രോഗം ബാധിച്ച് മരിച്ചു. ചൈനയ്ക്ക് ശേഷം കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ ജീവഹാനി സംഭവിച്ച രാജ്യമായി ഇറാന്‍ മാറിയതോടെയാണ് ഈ കര്‍ശന നടപടികള്‍. മിഡില്‍ ഈസ്റ്റിലെ വിമാന-ടൂറിസം-വ്യാപാര മേഖലകളെ ഇത് സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

teevandi enkile ennodu para