കൊവിഡ് മുൻകരുതല്‍ : ലോക്ക്ഡൗൺ ഇന്ന് ആറാം ദിനം; മുൻകരുതൽ നടപടികൾ കൂടുതൽ ക‌ശനമാക്കി പൊലീസ്

Jaihind News Bureau
Sunday, March 29, 2020

ഇന്നലെ 6 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 165 ആയി. അതേ സമയം ചികിത്സയിലുളള നാല് പേർ കൂടി ഇന്നലെ ആശുപത്രി വിട്ടു. ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തി മുന്നൂറ്റി എഴുപത് പേരാണ് സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുളളത്.

കൊവിഡ് മുൻകരുതലിന്‍റെ ഭാഗമായുളള ലോക്ക്ഡൗണിന്‍റെ ആറാം ദിനത്തില്‍ ഡ്രോൺ അടക്കം ഉപയോഗിച്ച് പരിശോധനകള്‍ കർശനമാക്കുന്നത് തുടരുകയാണ് പൊലീസ്. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മുൻകരുതൽ നടപടികൾ കൂടുതൽ ക‌ശനമാക്കിയിട്ടുണ്ട്.

കണ്ണൂർ :

കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുവരുടെ എണ്ണം 10406 ആയി. 85 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. നിലവില്‍ 37 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, 24 പേര്‍ ജില്ലാ ആശുപത്രിയിലും 24 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 81 പേരുടെ പരിശോധനാ ഫലം ജില്ലയിൽ ലഭിക്കാനുണ്ട്. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച 2 പേരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു.

കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടത്. മട്ടന്നൂർ സ്വദേശിയായ ആൾ ഈ മാസം 21 ന് ദുബായിൽ നിന്ന് EK 566 എന്ന വിമാനത്തിലാണ് ബംഗളൂരുവിൽ എത്തിയത്. അന്നേ ദിവസം 7.30 അദ്ദേഹം വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി. 8. 30 ന് ബെങ്കളുരുവിലെ ആകാശ് ഹോസ്പിറ്റലിൽ പരിശോധനയ്ക്ക് വിധേയനായി. തുടർന്ന് 9.30 ന് ആശുപത്രിയിൽ നിന്നിറങ്ങിയ ഇയാൾ 2 പേർക്കൊപ്പം കലാശി പാളയത്തിലത്തി തലശ്ശേരിയിലേക്ക് 8369 നമ്പർ കൽപക ബസ്സിൽ തലശ്ശേരിയിലേക്ക് യാത്ര തിരിച്ചു.തുടർന്ന് പുലർച്ചെ 4.30 ന് മട്ടന്നൂരിൽ ഇറങ്ങി ഓട്ടൊയിൽ വീട്ടിലേക്ക് പോയി.തുടർന്ന് തലശ്ശേരി ഗവ: ആശുപത്രിയിൽ നിരീക്ഷണത്തിലായി.

രണ്ടാമത്തെ ആൾ ഈ മാസം 22 ന് ഇത്തിഹാദ് എയർവെയിസ് വിമാനത്തിലാണ് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്. കോഴിക്കോട് എത്തിയ ഇയാൾ വിമാനത്താവളത്തിൽ വെച്ച് പരിശോധനയക്ക് വിദേയനായി.തുടർന്ന് എയർപോർട്ട് ടാക്സിയിൽ നാട്ടിലേക്ക് യാത്ര തിരിച്ചു.3 പേർക്കൊപ്പമാണ് സ്വദേശമായ മൊകേരിയിലേക്ക് യാത്ര തിരിച്ചത്.വീട്ടിലെത്തിയ അദ്ദേഹം ഇരുപത്തിമൂന്നാം തിയ്യതി ചികിത്സക്കായി തലശ്ശേരി സർക്കാർ ആശുപത്രിയില്‍ പ്രവേശിച്ചു. ഇവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന ആളുകൾ നിരീക്ഷണത്തിലാണെന്ന് കണ്ണൂർ ജില്ലാ കളക്ടർ പറഞ്ഞു. കൊറോണ വ്യാപാകമാകാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.

അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ വിവരം മാര്‍ച്ച് 29 ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി പഞ്ചായത്ത്, നഗരസഭാ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തൊഴിലാളികളുടെ പേര്, സംസ്ഥാനം, മൊബൈല്‍ നമ്പര്‍, ആവാസ് കാര്‍ഡ് നമ്പര്‍, അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നീ വിവരങ്ങള്‍ സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

കോണ്‍ട്രാക്ടരുടെയോ തൊഴിലുടമയുടെയോ കീഴില്‍ അല്ലാതെ ജോലി ചെയ്തുവരുന്ന തൊഴിലാളികളുടെ വിവരമാണ് ഇങ്ങനെ ശേഖരിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യും. നഗരസഭകളിലും ജില്ലാ ആസ്ഥാനത്തും കണ്ണൂര്‍ താലി എന്നപേരില്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നം കലക്ടര്‍ അറിയിച്ചു. അശരണരായ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക ക്യാമ്പ് ആരംഭിക്കും.

അതേസമയം, കോണ്‍ട്രാക്ടരുടെയോ തൊഴിലുടമയുടെയോ കീഴില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ഭക്ഷണ, താമസ കാര്യത്തില്‍ അതത് കോണ്‍ട്രാക്ടര്‍മാര്‍ക്കും തൊഴിലുടമകള്‍ക്കും തന്നെയായിരിക്കും ഉത്തരവാദിത്തം. തൊഴിലാളികള്‍ക്ക് താമസത്തിനും സൗജന്യ ഭക്ഷണത്തിനും സൗകര്യം ഒരുക്കണം. ഇവരെ താമസ സ്ഥലത്തു നിന്ന് ഇറക്കിവിടാനോ മറ്റോ ശ്രമമുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

കോഴിക്കോട് :

പുതുതായി നിരീക്ഷണത്തില്‍ വന്ന 180 പേരുള്‍പ്പടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 10,654 പേരാണ്. ബീച്ച് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന 19 പേരുടെയും ഫലം നെഗറ്റീവാണെന്നും മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ർഡില്‍ നിരീക്ഷണത്തിലുള്ളത് 20 പേരാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ച 244 ശ്രവസാമ്പിളുകളില്‍ 227 എണ്ണത്തിന്‍റെ പരിശോധനാ ഫലം ലഭിച്ചിട്ടുണ്ട്. ഇതില്‍ 218 എണ്ണവും നെഗറ്റീവാണെന്നതിന്‍റെ ആശ്വാസത്തിലാണ് ജില്ലാഭരണകൂടം എങ്കിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് തീരുമാനം. മാനസിക സംഘര്‍ഷം കുറക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ മെന്‍റല്‍ ഹെല്‍പ് ലൈനിലൂടെ 29 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും 471 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കുകയുമുണ്ടായി. പുതുതായി നിരീക്ഷണത്തില്‍ വന്ന 180 പേരുള്‍പ്പടെ കോഴിക്കോട് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 10654 പേരാണ്. ബീച്ച് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഒരു പോസീറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും കൂടെ നിരീക്ഷണത്തിലൂണ്ടായിരുന്ന 19 പേരുടെയും ഫലം നെഗറ്റീവ് ആയതിനാല്‍ അവരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. രോഗവ്യാപനം തടയുന്നതിനുള്ള ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന ആഹ്വാനം വലിയ തോതില്‍ ജനങ്ങള്‍ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്.

മലപ്പുറം :

ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം എട്ടായി. തിരൂര്‍ പൊന്മുണ്ടം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ചികിത്സയിൽ കഴിയുന്ന എട്ട് വൈറസ് ബാധിതരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

ദുബായില്‍ നിന്നെത്തിയ തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിയായ 46 കാരനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഷാർജയിൽ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ മാർച് 21 ന് പുലര്‍ച്ചെയാണ് ഇയാൾ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി സഹോദരന്‍റെ കാറില്‍ സ്വന്തം വീട്ടിലെത്തി പൊതു സമ്പര്‍ക്കമില്ലാതെ സ്വയം നിരീക്ഷണം ആരംഭിച്ചു. രോഗബാധ സ്ഥിരീകരിച്ചതോടെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് മാതൃകാപരമായ സമീപനമാണ് ഇയാള്‍ കൈക്കൊണ്ടത്. ഇയാള്‍ക്കൊപ്പം യാത്ര ചെയ്തവർ കണ്ട്രോൾ സെല്ലുമായി ബന്ധപ്പെടാൻ ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ 179 പേര്‍ക്ക് കൂടി പുതിയതായി നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 11,525 ആയി. 80 പേരാണ് വിവിധ ആശുപത്രികളിലുള്ളത്. 105 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

പാലക്കാട് :

ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം നാലായി. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ച കോട്ടോപ്പാടം സ്വദേശിയും, ഇന്നലെ രോഗം സ്ഥിരീകരിച്ച വ്യക്തിയും ഒരേ വിമാനത്തിലാണ് ദുബൈയിൽ നിന്നും കരിപ്പൂരിലെത്തിയത്

തൃശൂർ :

ജില്ലയിൽ പുതുതായി ആർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നാല് പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്.
കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14615 ആയി. വീടുകളിൽ 14578 പേരും ആശുപത്രികളിൽ 37 പേരുമാണ് നിരീക്ഷണത്തിലുളളത്. ഏറ്റവും ഒടുവിൽ ലഭിച്ച 25 പരിശോധനാ ഫലവും നെഗറ്റീവാണ്. ഇതുവരെ 610 പേരുടെ സാമ്പിളുകൾ അയച്ചതിൽ 577 എണ്ണത്തിന്റെ ഫലം വന്നു. 33 പേരുടെ പരിശോധനാഫലം ഇനിയും കിട്ടാനുണ്ട്. അമിത വില ഈടാക്കുന്നത് പരിശോധിക്കാൻ ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂർ ശക്തൻ മാർക്കറ്റിൽ ട്രക്ക് ഡ്രൈവർമാർ, ക്ലീനർമാർ തുടങ്ങിയവരേയും പച്ചക്കറി വാങ്ങാനെത്തിയവരെയും സ്‌ക്രീൻ ചെയ്തു. 5850 പേരെ പരിശോധിച്ചു. 2 അതിഥി തൊഴിലാളികളെ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്. അഗ്നിശമന വിഭാഗം, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവർ ചേർന്ന് ജയിലുകൾ അണുവിമുക്തമാക്കി.

എറണാകുളം :

സംസ്ഥാനത്ത് ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച എറണാകുളം ജില്ലയിൽ ഇന്നലെ പുതിയ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. ലോക്ക്ഡൗണിൻ്റെ ഭാഗമായി ജില്ല നിശ്ചലമായെങ്കിലും മരണം റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ ആശങ്കയിലാണ്.

കഴിഞ്ഞ ദിവസം 34 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. എല്ലാം നെഗറ്റീവ്. ഇനി 57 ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്.എറണാകുളം ജില്ലയിൽ നിലവിൽ 4983 പേരാണ് നിരീക്ഷണത്തിലുള്ളത് ഇതിൽ 34 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.കഴിഞ്ഞ ദിവസം കൊവിഡ് ബാധയെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ മരണപ്പെട്ട മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേഠ് യാക്കൂബ് ഹുസൈൻൻ്റെ മൃതദേഹം വൈകിട്ടേടെ ചുള്ളിക്കൽ ഹനഫി മസ്ജിദിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ അനുസരിച്ചാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.ഇയാളുടെ ഭാര്യയും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് യാത്ര ചെയ്ത ടാക്സി ഡ്രൈവറും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലാണ്.കൂടാതെ ഇദ്ദേഹത്തിന് ഒപ്പം വിമാനത്തിൽ യാത്ര ചെയ്ത സഹയാത്രികരും, ഫ്ലാറ്റിലെ താമസക്കാരും നിരീക്ഷണത്തിലാണ്. മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും പരിശോധനകളും ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പും ശക്തമാക്കിയിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് നിശ്ചലമായ ജില്ലയിൽ അനാവശ്യമായി പുറത്തിറങ്ങിയതിന് 127 കേസുകൾ ഇന്നലെ രജിസ്റ്റർ ചെയ്തു. 138 ആളുകളെ അറസ്റ്റ് ചെയ്യുകയും 75 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ ദിവസങ്ങളിൽ നിന്ന് വ്യത്യസ്ഥമായി പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയതോടെ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതേ സമയം ജില്ലയിൽ തെരുവിൽ കഴിയുന്നവർക്ക് ജില്ല ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ഭക്ഷണം എത്തിക്കുന്നുണ്ട്. ജില്ലയിലെ പ്രധാന റോഡുകളിൽ എല്ലാം ശക്തമായ പോലീസ് പരിശോധന തുടരുന്നുണ്ട്. സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച ജില്ലയിൽ ജനങ്ങളുടെ ആശങ്ക വർധിക്കുന്നുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

പത്തനംതിട്ട :

ഇറ്റലിയിൽ നിന്നെത്തി ആദ്യം രോഗം സ്ഥിരീകരിച്ച 5 പേരുടേയും ഫലം നെഗറ്റീവ് ആയി.  അതേസമയം, ഇവരുമായി ബന്ധപ്പെട്ട 4 പേർ ഇപ്പോഴും പൊസിറ്റീവായി തുടരുന്നു. ഫലം നെഗറ്റീവായ രോഗികളെ ഡിസ്ചാർജ് ചെയ്യുന്നത് സംബന്ധിച്ച് ഇന്ന് മെഡിക്കൽ ബോർഡ് കൂടി തീരുമാനിക്കും.  ഇതിനിടെ, രോഗലക്ഷണങ്ങളോടെ ഒരാൾ കൂടി ആശുപത്രിയതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 17 ആയി.

കൊല്ലം :

കൊല്ലത്ത് വീണ്ടും കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കടുത്ത ജാഗ്രതയും മുൻകരുതലും നിരീക്ഷണവും ശക്തമാക്കി. ദുബായിൽ നിന്നും എത്തിയ മൈലാപ്പൂർ സ്വദേശിയായ ഇദ്ദേഹം കൊല്ലം ജില്ലയിൽ പ്രവേശിക്കാതെയാണ് തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത് ‘. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുമായി ഇടപെട്ട അടുത്ത ബന്ധുക്കൾ ഉൾപ്പെടെ 41 പേരേ ഇതിനകം നിരീക്ഷണത്തിലാക്കി