കൂള്‍ ഇന്ത്യക്ക് ഇന്ന് കൂള്‍ മാച്ച്; ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാന്‍ ഇന്ത്യയും ന്യൂസിലാന്‍ഡും നേര്‍ക്കുനേര്‍

Jaihind News Bureau
Sunday, March 2, 2025

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടാന്‍ സജ്ജം. ദുബായില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം നടക്കുന്നത്. സമ്മര്‍ദമോ ആശങ്കകളോ ഇല്ലാതെയാണ് ഇരു ടീമുകളും ഇന്ന് മല്‍സരിക്കാന്‍ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളും വിജയിച്ച് സെമിയുറപ്പിച്ചാണ് ഇന്ത്യയും ന്യൂസിലന്‍ഡും പോരിന് ഇറങ്ങുന്നത്. ഗ്രൂപ്പ് ചാംപ്യന്‍മാരെ നിശ്ചയിക്കാനും സെമിയില്‍ എതിരിടാനുള്ള ടീമിനെ നിര്‍ണയിക്കാനും ഇന്നത്തെ മല്‍സരത്തിന് സാധിക്കും. ബംഗ്ലാദേശിനെയും പാകിസ്ഥാനെയും അനായാസം മറികടന്നാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. മാത്രമല്ല, ഗ്രൂപ്പ് എയില്‍ ആദ്യം സെമി ഉറപ്പിച്ചതും ഇന്ത്യ തന്നെ. എന്നാല്‍, ഇന്ന് ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം തന്നെയാണ്. തോല്‍വി അറിയാതെയാണ് ന്യൂസിലന്‍ഡും സെമിയില്‍ കയറിയത്. മുന്നൂറാം ഏകദിനത്തിനിറങ്ങുന്ന വിരാട് കോഹ്ലലിയാണ് ഇന്നും ശ്രദ്ധാകേന്ദ്രം. ഫോമില്‍ അല്ലാതിരുന്ന വിരാട് കോഹ്ലി കഴിഞ്ഞ മല്‍സരത്തില്‍ പാകിസ്ഥാന് എതിരെ സെഞ്ചറി നേടിയതും അതിവേഗ 14,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയതും നമ്മള്‍ കണ്ടതാണ്.

രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും പരിക്ക് മാറി തിരികെ എത്തിയത് ടീമിന് ആശ്വാസമാണ്. ഇന്ത്യ നാല് മാറ്റങ്ങളോടെ ഇറങ്ങാനുള്ള സാധ്യത കാണുന്നുണ്ട്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലായി പുറത്തിരിക്കുന്ന റിഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്താനാണ് സാധ്യത. വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിനും അക്സര്‍ പട്ടേലിന് പകരമാകും ഇവര്‍ ടീമിലെത്തുക . കുല്‍ദീപ് യാദവിന് പകരം വരുണ്‍ ചക്രവര്‍ത്തിയും മുഹമ്മദ് ഷമിക്ക് പകരം അര്‍ഷ്ദീപ് സിംഗും പരിഗണയിലുണ്ട്. ജയം അനിവാര്യം എന്ന സമ്മര്‍ദമ്മില്ലാത്തതിനാല്‍ മാറ്റങ്ങള്‍ക്ക് പരിശ്രമിക്കുകയാണ് ഇന്ത്യ. ഡാരില്‍ മിച്ചല്‍ പരിക്കില്‍ നിന്ന് മുക്തനായ വാര്‍ത്തകളാണ് പുറത്ത്് വരുന്നത്. ഇതോടെ ന്യൂസിലന്‍ഡ് നിരയിലും മാറ്റങ്ങള്‍ ഉറപ്പാണ്. കിവീസ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയാവും ഇന്ത്യന്‍ സ്പിന്നര്‍മാരുടെ ഇന്നത്തെ വെല്ലുവിളി.

ഇന്ന് ഇന്ത്യ ജയിച്ചാല്‍ ഗ്രൂപ്പ് എ ചാംപ്യന്മാരാവുകയും സെമിയില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയെ നേരിടുകയും ചെയ്യും. ഇനി ന്യൂസിലന്‍ഡാണ് ജയിക്കുന്നതെങ്കില്‍ സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ഗ്രൂപ്പ് എ ചാംപ്യന്മാരായ ദക്ഷിണാഫ്രിക്കയാകും.