വനിതാ മതിൽ: സത്യവാങ്മൂലത്തിന്‍റെ സത്യമെന്ത്? പിന്നിൽ പണം വക മാറ്റാനുള്ള സി.പി.എം തന്ത്രമെന്ന് ആരോപണം

B.S. Shiju
Saturday, December 22, 2018

Women-Wall

വനിത മതിലിന്‍റെ സംഘാടന ചെലവ് സംബന്ധിച്ച വിവാദങ്ങൾ കൊഴുക്കുന്നതിനിടെ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന് പിന്നിൽ ഗൂഢനീക്കമെന്ന് സൂചന. മതിലിന്‍റെ സംഘാടന ചെലവിന് സർക്കാർ ഫണ്ട് ചെലവഴിക്കുമെന്ന് സത്യവാങ്മൂലത്തിൽ കോടതിയെ അറിയിക്കുമ്പോൾ പണം ഖജനാവിൽ നിന്ന് ചെലവഴിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കുന്നത്. സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്‍റെ വിശദീകരണം. നിയമസഭയിലും പിന്നീട് ‘നാം മുന്നോട്ട്’ എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയിലും പണം സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി വാക്കാൽ പരാമർശിച്ചിരുന്നു. പിന്നീട് എങ്ങനെ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇത്തരമൊരു പിഴവ് കടന്നുകൂടിയതെങ്ങനെയെന്ന സംശയമാണ് ഉയരുന്നത്.

അഡ്വക്കേറ്റ് ജനറൽ സർക്കാരിനുവേണ്ടി തയാറാക്കി നിയമവകുപ്പിന്‍റെ അനുമതി ലഭിച്ച്, മുഖ്യമന്ത്രിയുടെ ഓഫീസും കണ്ട ശേഷമാണ് സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടിട്ടുള്ളതെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഇത്തരത്തിൽ തയാറാക്കിയ സത്യവാങ്മൂലത്തിന്‍റെ ഒമ്പതാം ഖണ്ഡികയിലാണ് വനിതാ മതിലിന്‍റെ ചെലവിനത്തിലേക്കുള്ള പണലഭ്യതയെപ്പറ്റി വ്യക്തമായി പരാമർശിച്ചിട്ടുള്ളത്. ഇതിനെ തള്ളിയാണ് പിണറായി വീണ്ടും രംഗത്ത് വന്നിട്ടുള്ളത്. സത്യവാങ്മൂലത്തിലെ പരാമർശത്തിന് പിന്നിൽ സ്ത്രീ സുരക്ഷയുടെ പേരിലുള്ള ഫണ്ട് വകമാറ്റാനുള്ള ഗൂഢതന്ത്രമായിരുന്നുവെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. വനിതാ മതിലിന്‍റെ പേരിൽ സി.പി.എം സംഘടനകൾക്ക് പണം നൽകാനുള്ള നീക്കമായിരുന്നോ സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്ന സംശയവും ആരോപണങ്ങളിൽപ്പെടുന്നു. വിവിധ സമുദായ സംഘടനകൾക്ക് പുറമേ സി.പി.എമ്മിന്‍റെ പോഷക സംഘടനകളും വനിതാ മതിലിനായി രംഗത്തുണ്ട്. ഇവർക്കിടയിൽ ഫണ്ട് വീതംവെപ്പിനുള്ള തന്ത്രമായും സത്യവാങ്മൂലം വ്യാഖ്യാനിക്കപ്പെടുന്നു.

സർക്കാർ ഇത്തരത്തിൽ നൽകിയ സത്യവാങ്മൂലം പുറത്തായതോടെ യു.ഡി.എഫ് മുഖ്യമന്ത്രിയുടെ പേരിൽ അവകാശ ലംഘനത്തിന് നോട്ടീസും നൽകിയിട്ടുണ്ട്. ഇതോടെ ഫണ്ട് വീതംവെപ്പ് അത്ര സുഗമമായി നടപ്പാക്കാനാവില്ലെന്ന് സി.പി.എമ്മിന് മനസിലായതോടെയാണ് നീക്കം ഉപേക്ഷിച്ചതെന്നും അടക്കം പറച്ചിലുകളുണ്ട്. ഇതിനിടെ ചേർന്ന സി.പി.എം നേതൃയോഗത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെക്കൂടി മതിലിൽ പങ്കെടുപ്പിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. ഒരു വിഭാഗത്തെ മാത്രം പങ്കെടുപ്പിച്ച് സർക്കാർ ആസൂത്രണം ചെയ്ത പരിപാടിയിൽ വിമർശനമുയർന്നതോടെയാണ് സി.പി.എം ഈ അടവുനയവുമായി രംഗത്തു വന്നിട്ടുള്ളത്. നിലവിൽ മതിലിനായി ചെലവഴിക്കുന്ന പണത്തിന്‍റെ കണക്ക് നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമാണ സമയത്ത് ഇത്രയും വലിയ തുകയിൽ നിന്നും പണം ചെലവഴിച്ച് സർക്കാർ വനിത മതിലുമായി മുന്നോട്ടു പോകുന്നതിനെതിരെ പൊതുസമൂഹത്തിൽ നിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്. നിലവിൽ സത്യവാങ്മൂലത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഫണ്ടിൽ നിന്നും മതിലിനായി പണം ചെലവഴിക്കാൻ മറ്റ് കുറുക്കുവഴികൾ സി.പി.എം ആലോചിക്കുന്നതായും പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചന നൽകുന്നു.