സിപിഎം ഓഫീസ് റെയ്ഡും ഡിസിപിക്കെതിരായ നടപടിയും കൂടുതൽ വിവാദത്തിലേക്ക്

Jaihind News Bureau
Monday, January 28, 2019

ChaitraTeresa-vs-CPM

സിപിഎം ഓഫീസ് റെയ്ഡും ഡിസിപിക്കെതിരായ നടപടിയും കൂടുതൽ വിവാദത്തിലേക്ക്. റെയ്ഡിന്‍റെ വിവരങ്ങൾ ഒരു ഡിവൈഎസ്പി ചോർത്തിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. റെയ്ഡിനായി ഡിസിപിയും സംഘവും എത്തുമ്പോഴേക്കും സിപിഎം ഓഫീസിൽ നിന്നും പ്രതികളെ മാറ്റുകയായിരുന്നുവെന്നും സൂചനയുണ്ട്.

പോക്‌സോ കേസിലെ പ്രതികളെ മോചിപ്പിക്കാൻ പോലീസ് സ്റ്റേഷൻ ആക്രമിച്ചവർ സിപിഎം ഓഫീസിലുണ്ടെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു ഡിസിപിയുടെ നടപടി. എന്നാൽ റെയ്ഡിൽ പ്രതികളെ കണ്ടെത്താനായില്ല. തുടർന്നാണ് വിവാദങ്ങളുടെ തുടക്കം. സിപിഎം ഓഫീസിലേക്ക് പോലീസ് എത്തുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് പ്രതികളെ മാറ്റിയതെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ കേന്ദ്രത്തിന് ലഭിച്ച വിവരങ്ങൾ. റെയ്ഡ് നടക്കുന്ന വിവരം കൃത്യമായി സിപിഎം ഓഫീസിൽ എത്തിയെന്ന് വേണം ഇതുവഴി മനസിലാക്കാൻ.

പോലിസിൽ തന്നെയുള്ളവർ ചോർത്തിയെങ്കിൽ മാത്രമേ വിവരം പുറത്തുപോകുകയുള്ളുവെന്നുമാണ് അനുമാനം. വിവരം സിപിഎമ്മിന് ചോർത്തിയത് ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥനാണെന്ന സൂചനകളാണ് ഇന്റലിജൻസിന് ലഭിച്ചിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരോട് ആലോചിക്കാതെ റെയ്ഡ് നടത്താനുള്ള ഡിസിപിയുടെ തീരുമാനം അതൃപ്തിക്കിടയാക്കിയിരുന്നു. ഇതും ഡിസിപിയുടെ നീക്കത്തിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. പരിശോധനയിൽ പ്രതികളെ കണ്ടെത്താൻ കഴിയാഞ്ഞത് ചൈത്രക്കെതിരായ സിപിഎം നീക്കം ശക്തമാക്കി. സാഹചര്യം മുതലാക്കിയാണ് ഡിസിപിക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്.