സംസ്ഥാനത്ത് ഒരു വിവാദ നിയമനം കൂടി; സ്പെഷ്യൽ ലെയ്സൺ ഓഫീസറുടെ ശമ്പളം ഒരു ലക്ഷം രൂപയിലേറെ

Jaihind News Bureau
Wednesday, August 14, 2019

സംസ്ഥാനം വീണ്ടും ഒരു പ്രളയ ദുരന്തം നേരിടുന്ന ഈ സമയത്തും ധൂര്‍ത്തിന് പുതിയ വഴികളൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്‍റെ ഒരു നിയമനം കൂടി വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായാണ് ഒരു ലക്ഷം രൂപയിലേറെ ശമ്പളം നല്‍കി പുതിയ നിയമനം. ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനായാണ് സീനിയർ ഗവണ്‍മെൻ്റ് പ്ലീഡർക്ക് തുല്യമായ പുതിയ തസ്തിക. അഡ്വക്കേറ്റ് ജനറലും 140 സർക്കാർ അഭിഭാഷകരും നിലവിലരിക്കെയാണ് വൻ തുക ചെലവില്‍ പുതിയ തസ്തിക ഉണ്ടാക്കിയിരിക്കുന്നത്.

സുശീല ഗോപാലൻ വ്യവസായ മന്ത്രിയായിരിക്കെ പേഴ്സണ്‍ സ്റ്റാഫിലുണ്ടായിരുന്ന എ വേലപ്പൻനായരെയാണ് അടുത്തിടെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി നിയമിച്ചത്. കഴിഞ്ഞ ദിവസമാണ് ശമ്പളവും ആനുകൂല്യവും നിശ്ചയിച്ച് ഉത്തരവ് ഇറക്കിയത്. പ്രതിമാസം 1,10,000രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് സ്പെഷ്യൽ ലെയ്സൺ ഓഫീസർക്കായി ചെലവഴിക്കുക.

സർക്കാർ കേസ് നടത്തിപ്പിനും ഉപദേശങ്ങൾക്കും അഡ്വക്കേറ്റ് ജനറലും ഡയറക്ടർ ജനറലും ഉണ്ട്. സർക്കാർ അഭിഭാഷകരും, പ്ലീഡർമാരും, സ്പെഷ്യൽ ഗവൺമെന്‍റ് പ്ലീഡർമാരുമായി 140 പേര്‍ ഹൈക്കോടതിയിലുണ്ട്. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിൽ മറ്റൊരു നിയമോപദേശകനുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഇതിനൊക്കെ ഉപരിയായി നടത്തിയ പുതിയ ലെയ്സൺ ഓഫീസർ നിയമനം വിവാദമാകുന്നതും.

പ്രളയക്കെടുതിയിൽ സംസ്ഥാനം വലയുമ്പോഴാണ് ഖജനാവ് ധൂര്‍ത്തടിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നടപടികള്‍. സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ ആറ്റിങ്ങല്‍ പാര്‍ലമെന്‍റിലെ തോറ്റ സ്ഥാനാര്‍ത്ഥിയും മുന്‍ എംപിയുമായ എ. സമ്പത്തിനെ ഡല്‍ഹിയില്‍ നിയമിച്ചതും വിവാദമായിരുന്നു.