കരുത്തായി കോണ്‍ഗ്രസ്; രാജ്യത്ത് രാഹുല്‍ തരംഗമെന്ന് വിലയിരുത്തല്‍

Jaihind Webdesk
Monday, May 13, 2019

കോണ്‍ഗ്രസിന് വന്‍ പ്രതീക്ഷ നല്‍കുന്നതാണ് തെരഞ്ഞെടുപ്പ് മേഖലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടം പൂര്‍ത്തിയായതോടെ വന്‍ പ്രതീക്ഷയാണ് കോണ്‍ഗ്രസിന്. കനത്ത മുന്നേറ്റമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തലും വിശകലനങ്ങളും. ഇതിനുപുറമെ കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ സ്വകാര്യ ഏജന്‍സികളുടെ പഠനങ്ങളും വിലയിരുത്തലുകളും കോണ്‍ഗ്രസിന് അനുകൂലമായ കാറ്റ് രാജ്യത്താകമാനം ഉണ്ടെന്നാണ്.

ബി.ജെ.പിയെ കടത്തിവെട്ടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയാല്‍ പോലും അദ്ഭുതപ്പെടേണ്ട എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് നേതാക്കളോട് വ്യക്തമാക്കിയിരിക്കുന്നത്. ഇനി വോട്ടെണ്ണല്‍ ദിനത്തിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാന നേതാക്കള്‍ക്കും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കത്തയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണമെന്നും അവര്‍ക്ക് ആവശ്യമായ മതിയായ പരിശീലനം നല്‍കണമെന്നും വേണുഗോപാല്‍ നേതാക്കളോട് ആവശ്യപ്പെടുന്നു.

വോട്ടെടുപ്പ് കഴിഞ്ഞ ഓരോ ഘട്ടങ്ങളിലും കോണ്‍ഗ്രസ് വ്യക്തമായ ഗൃഹപാഠം ചെയ്ത് കണക്കുകളും സാധ്യതകളും അപ്പപ്പോള്‍ തന്നെ വിലയിരുത്തിയിട്ടുമുണ്ട്. മോദി സര്‍ക്കാരിന് എതിരായുള്ള പ്രചരണങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കോണ്‍ഗ്രസ് വാര്‍ റൂമിനും പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്കും സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ അധിക്ഷേപ പരാമര്‍ശങ്ങളും റാലികളില്‍ മോദിയുടെ മണ്ടത്തരങ്ങളും പൊതുവെ മോദിയില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും ജനങ്ങളെ അകറ്റിയെന്നാണ് യാഥാര്‍ത്ഥ്യം. ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

സൈബര്‍ ഇടങ്ങളിലും സമൂഹമാധ്യമങ്ങളിലും കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും പതിവില്‍ നിന്ന് വ്യത്യസ്തമായി മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതും കോണ്‍ഗ്രസിന്‍റെ സാധ്യതകള്‍ വർധിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യവും അനുകൂലമായ തരംഗമായി തന്നെ മാറിയേക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ നിരീക്ഷണം.