കിയാലില്‍ സി.എ.ജി ഓഡിറ്റ് വേണ്ടെന്ന സർക്കാർ തീരുമാനം: പ്രതിഷേധവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Saturday, September 21, 2019

Kannur-Airport

കണ്ണൂർ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ  ഓഡിറ്റ് നടത്താൻ സി.എ.ജിക്ക് അനുമതി നല്‍കാത്ത സര്‍ക്കാറിന്‍റെയും ഡയറക്ടർ ബോർഡിന്‍റെയും തെറ്റായ നടപടിക്കെതിരെ പ്രതിഷേധ സമരവുമായി കോൺഗ്രസ്. സമര പരിപാടികളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിയാൽ ഓഫീസിന് മുൻപിൽ ഇന്ന് ബഹുജന ധർണ നടത്തും.

കണ്ണൂർ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ കണക്കുകള്‍ പരിശോധിക്കാനും ഓഡിറ്റ് നടത്താനും സി.എ.ജിക്ക് അനുമതി നൽകാത്തത് വിവാദമായിരുന്നു. അതോടൊപ്പം വിമാനത്താവളത്തിലെ വിവിധ തസ്തികകളിൽ മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും ബന്ധുകൾക്ക് നിയമനം നൽകിയതും വിവാദമായിരുന്നു. ഇതിനെതിരെയാണ് കോൺഗ്രസ് പ്രക്ഷോഭം.

കണ്ണൂർ വിമാനത്താവളത്തിലെ  നിലവിലെ എം.ഡി അടക്കമുള്ളവർക്കെതിരായ വിജിലൻസ് അന്വേഷണത്തിനായി സർക്കാർ  അനുമതി നൽകാതെ വൈകിപ്പിക്കുന്നതിലും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സംസ്ഥാന ഗവൺമെന്‍റിന്‍റെ ഓഹരിയും കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഷെയറും സ്വകാര്യ വ്യക്തികൾക്കും ഓഹരികളുള്ള   കിയാലിൽ സി.എ.ജിയെ ഓഡിറ്റ് ചെയ്യാൻ അനുവദിക്കാത്തതിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ സംശയിക്കേണ്ടിയിരിക്കുന്നു. കമ്പനി ആക്ട് പ്രകാരമുള്ള നടപടിക്രമങ്ങൾ കിയാലിൽ ഇടതു മുന്നണി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടക്കാത്തത് എന്തുകൊണ്ടാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും കണ്ണൂര്‍ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

കിയാലിന്‍റെ കണക്കുകള്‍ പരിശോധിക്കാന്‍ സി.എ.ജി റിപ്പോര്‍ട്ട് തേടിയപ്പോള്‍ സര്‍ക്കാര്‍ കണക്ക് കൊടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും പബ്ലിക്ക് ഇൻവെസ്റ്റ് മെന്‍റുള്ള ഒരു സ്ഥാപനത്തിൽ ഓഡിറ്റ് നടത്താൻ അനുമതി നിക്ഷേപിച്ചതിൽ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നും സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. സമര പരിപാടികളുടെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ വിമാനത്താവള കവാടത്തിന് മുന്നിൽ ധർണ നടത്തും. സി.എ.ജി ഓഡിറ്റ് നടത്താൻ സർക്കാർ തടസ്സം നിൽക്കുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭ സമരവുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസ് തീരുമാനം.