അമിത നികുതിക്കെതിരേ 26ന് കോണ്‍ഗ്രസ്സ് ധര്‍ണ

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ നികുതി ഭീകരതയ്ക്കെതിരേ ഫെബ്രുവരി 25ന് കോണ്‍ഗ്രസ് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളുടെയും മുന്നില്‍ ധര്‍ണ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ജനങ്ങള്‍ക്ക് സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങള്‍ക്കുപോലും കനത്ത ഫീസാണ് ബജറ്റില്‍ ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവില, വില്ലേജ് ഓഫീസുകളിലെ ലൊക്കേഷന്‍ മാപ്പ്, തണ്ടപ്പേര്‍ പകര്‍പ്പ്, പോക്കുവരവ് തടുങ്ങിവയ്ക്കെല്ലാം കനത്ത ഫീസ് ഏര്‍പ്പെടുത്തി. സാമ്പത്തികമാന്ദ്യം മൂലം നട്ടംതിരിയുന്ന സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തതാണ് 1103 കോടിയുടെ പുതിയ നികുതി ഭാരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ബജറ്റില്‍ പരിഗണന കിട്ടിയില്ലെന്നു മിക്ക ജില്ലകളില്‍ നിന്നും മണ്ഡലങ്ങളില്‍ നിന്നും പരാതി പ്രവഹിക്കുകയാണ്. പ്രതിപക്ഷ എം.എല്‍.എമാരുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടി. തീരദേശ പാക്കേജ്, കുട്ടനാട് പാക്കേജ്, ഇടുക്കി പാക്കേജ് തുടങ്ങിയവ ആവര്‍ത്തനവിരസമായ പ്രഖ്യാപനങ്ങള്‍ മാത്രമാണ്. മിക്കപദ്ധതികള്‍ക്കും 100 രൂപയുടെ ടോക്കണ്‍ തുക അനുവദിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിച്ചെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസ്സ് വാര്‍ഡ് തല പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കും. ഫെബ്രുവരി 28ന് മുമ്പ് വാര്‍ഡ് പുനഃസംഘടിപ്പിച്ച് കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

Comments (0)
Add Comment