ബിജെപി ഭരണഘടനയെ തകര്‍ത്തുവെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Monday, August 5, 2019

ബിജെപി ഭരണഘടനയെ തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. “ഇത് ഒരു സാധാരണ ദിവസമല്ല. ചരിത്രപരമായ എന്തോ ഒന്ന് സംഭവിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ശക്തമായി അപലപിക്കുന്നു. ഞങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്ക് ഒപ്പം നിൽക്കുന്നു. ഇന്ന് ബിജെപി ഇന്ത്യൻ ഭരണഘടനയെ ‘കൊലപ്പെടുത്തി’. ഗുലാം നബി ആസാദ് പറഞ്ഞു.
ബി.ജെ.പി രാജ്യത്തിന്‍റെ തലയറുത്തു കളഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ പൊരുതുമെന്നും ജമ്മു കശ്മീരിന് വേണ്ടി അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും ചരിത്രപരമായും രാഷ്ട്രീയപരമായും വ്യത്യസ്ഥത പുലര്‍ത്തുന്ന അതിര്‍ത്തി സംസ്ഥാനത്തെ ഒന്നിച്ചു നിര്‍ത്തിയത് ആര്‍ട്ടിക്കിള്‍ 370 ആയിരുന്നുവെന്നും ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണ് ഇതെന്നായിരുന്നു മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബി മുഫ്തി അഭിപ്രായപ്പെട്ടത്. 1947 ലെ വിഭജനത്തെ തള്ളിക്കളഞ്ഞ് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാനുള്ള കശ്മീരിന്‍റെ തീരുമാനം തിരിച്ചടിച്ചെന്നും മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരിലെ ജനങ്ങളോട് ചര്‍ച്ച ചെയ്യാതെ ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയിരിക്കുന്നു. ജനാധിപത്യം ഇവിടെ കൊലചെയ്യപ്പെട്ടിരിക്കുകയാണ് – എ.ഐ.എ.ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് ബിഎസ്പി എംപി സതീഷ് ചന്ദ്ര രംഗത്തെത്തി. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്ന ബില്ലിനോട് തങ്ങള്‍ക്ക് യാതൊരുവിധ എതിര്‍പ്പുമില്ലെന്നും സതീഷ് ചന്ദ്ര പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്. സാധാരണഗതിയില്‍ പാര്‍ലമെന്‍റ് പാസാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പവെക്കുന്നതാണ് നിയമമായി മാറുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നടപടി.