ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായ ചാണക്യപുരിയില്‍ പ്രഭാത സവാരിക്കിടെ കോണ്‍ഗ്രസ് എംപി സുധാ രാമകൃഷ്ണന്റെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ അക്രമി പൊട്ടിച്ചെടുത്തു. തിങ്കളാഴ്ച രാവിലെ ആറേകാലോടെ പോളണ്ട് എംബസിക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ എംപിയുടെ കഴുത്തിന് പരിക്കേറ്റു.
തമിഴ്നാട്ടിലെ മയിലാടുതുറൈയില്‍ നിന്നുള്ള ലോക്സഭാംഗമാണ് സുധാ രാമകൃഷ്ണന്‍. സംഭവത്തില്‍ അവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കി. സഹപ്രവര്‍ത്തകയോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു സുധ. ഹെല്‍മെറ്റ് ധരിച്ച് സ്‌കൂട്ടറില്‍ എത്തിയ ഒരാള്‍ മുന്നില്‍ വന്ന് മാല പൊട്ടിക്കുകയായിരുന്നുവെന്ന് അവര്‍ പരാതിയില്‍ പറയുന്നു. മാല പിടിച്ചുപറിക്കുന്നതിനിടെ കഴുത്തില്‍ പരിക്കേല്‍ക്കുകയും ചുരിദാര്‍ കീറുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സാവധാനത്തില്‍ വന്ന അക്രമി സംശയകരമായി ഒന്നും ചെയ്തിരുന്നില്ലെന്നും അതിനാല്‍ പെട്ടന്നുള്ള ആക്രമണം തനിക്ക് തടുക്കാനായില്ലെന്നും സുധ പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി തമിഴ്നാട് ഹൗസിലാണ് സുധ താമസിക്കുന്നത്. വിദേശഎംബസികളും മറ്റ് സംരക്ഷിത സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു.’ഒരു പാര്‍ലമെന്റ് അംഗം കൂടിയായ എനിക്ക് ഇതാണ് അനുഭവമെങ്കില്‍ രാജ്യ തലസ്ഥാനത്ത് ഒരു സ്ത്രീക്ക് എവിടെയാണ് സുരക്ഷ?’ എന്ന് അവര്‍ ചോദിച്ചു.
നാല് പവനിലധികം തൂക്കമുള്ള സ്വര്‍ണ്ണമാലയാണ് നഷ്ടപ്പെട്ടതെന്നും ആക്രമണം തന്നെ മാനസികമായി തളര്‍ത്തിയെന്നും അവര്‍ പറഞ്ഞു. പ്രതിയെ ഉടന്‍ പിടികൂടാന്‍ നടപടി വേണമെന്ന് അവര്‍ ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിര്‍ന്ന ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് ഹൗസിന് ചുറ്റുമുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.