മറുനാടന്‍ മലയാളികള്‍ക്ക് കോണ്‍ഗ്രസിന്‍റെ കരുതല്‍; മുംബൈ, ബാംഗ്ലൂര്‍ ട്രെയിന്‍ ചെലവ് കോണ്‍ഗ്രസ് വഹിക്കും

 

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന ആയിരകണക്കിന് മലയാളികളെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് കഴിയാവുന്ന എല്ലാ സഹായങ്ങളും കോണ്‍ഗ്രസ് നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍. കര്‍ണ്ണാടക, മഹാരാഷ്ട്ര  കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ മുംബൈ, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ നിന്നും ഓരോ ട്രെയിനിന്റെയും കേരളത്തിലേക്കുള്ള യാത്ര ചെലവ് വഹിക്കാമെന്ന് കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ട്.

ഇവിടങ്ങളില്‍ നിന്നും കേരളത്തിലേക്കെത്താനുള്ള ട്രെയിനിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഇതുസംബന്ധമായി എത്ര തുക ചെലവുവരുമെന്ന് അറിയിച്ചാല്‍ എത്രയും വേഗം ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താമെന്നും കര്‍ണ്ണാടക, മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി അറിയിച്ചു.

അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ മലയാളികളെ കെ.എസ്.ആര്‍.ടി.സി ബസില്‍ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഒട്ടും വൈകരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന മലയാളികളും നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങളും ആതീവ ആശങ്കയിലും പ്രയാസത്തിലുമാണ്. ഇവരില്‍ നല്ലൊരു ശതമാനം പഠനാവശ്യത്തിന് പോയ വിദ്യാര്‍ത്ഥികളാണ്. ലോക്ഡൗണിനെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതും ഹോസ്റ്റലുകള്‍ പൂട്ടിയതും കൊണ്ട് ഇവര്‍ ഭക്ഷണവും താമസ സൗകര്യവും ഇല്ലാതെ ദുരിതത്തിലാണ്.

സമാനമായ ദുരിതത്തിലാണ് ബിസിനസ് ആവശ്യങ്ങള്‍ക്കായിപ്പോയ ചെറുകിട കച്ചവടക്കാരും ദിവസവേതന തൊഴിലാളികളും. ഇവരെ എത്രയും വേഗം കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അയല്‍ സംസ്ഥാനത്തുള്ളവരെ ബസുകളിലും ദീര്‍ഘദൂരത്തുള്ളവരെ ട്രെയിനുകളിലും നാട്ടിലെത്തിക്കാന്‍നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment