സ്ഥാനാര്‍ത്ഥിയെ വാഹനത്തില്‍ കയറ്റിയില്ല ; സിപിഎം-സിപിഐ പ്രവർത്തകർ തമ്മില്‍ കൂട്ടത്തല്ല്

 

തിരുവനന്തപുരം:  വെമ്പായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കരകുളം എല്‍ഡിഎഫ് ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയെ കയറ്റാത്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

വെമ്പായം പഞ്ചായത്തിലെ പെരുംകൂരില്‍ രാത്രി ഏഴ് മണിയോടെയാണ് സംഭവം. കരകുളം ജില്ലാ ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ .വി. ശ്രീകാന്തിന്റെ പ്രചരണ വാഹനത്തില്‍ പെരുങ്കൂര്‍ വാര്‍ഡ് സിപിഐ സ്ഥാനാര്‍ത്ഥിയെ കയറ്റാത്തതിനെ തുടര്‍ന്നാണ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടിയത്. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വാഹനത്തില്‍ കയറ്റണം എന്ന് ആവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകര്‍ ശ്രീകാന്തിന്റെ വാഹനം തടഞ്ഞു.

തുടര്‍ന്ന് സിപിഎം പ്രര്‍ത്തകര്‍ പെരുംകൂര്‍ വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥിയായ ഫാറൂഖിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. സി പി ഐ പ്രവര്‍ത്തകര്‍ അവരുടെ സ്ഥാനാര്‍ത്ഥിയായ സജീവ് എസ് നായര്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. 15 മിനുട്ടോളം സംഘര്‍ഷം നീണ്ടുനിന്നു. തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് എത്തി സ്ഥിതി നിയന്ത്രിക്കുകയായിരുന്നു.

Comments (0)
Add Comment