പാര്‍ട്ടിക്ക് അതീതമായ സൗഹൃദം സൂക്ഷിച്ച വ്യക്തിത്വമെന്ന് രാഹുല്‍ ഗാന്ധി; സുഷമ സ്വരാജിന്‍റെ വിയോഗത്തില്‍ അനുശോചന പ്രവാഹം

Jaihind Webdesk
Wednesday, August 7, 2019

മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ മരണത്തിൽ അനുശോചനപ്രവാഹം. സുഷമയുടെ മരണ വാർത്ത ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

rahul-gandhi-meeting

രാഹുല്‍ ഗാന്ധി

സുഷമസ്വരാജിന്‍റെ നിര്യാണം ഞെട്ടലുണ്ടാക്കുന്നുവെന്ന് രാഹുൽ ഗാന്ധി. പാർട്ടിക്ക് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു സുഷമ സ്വരാജെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. വേർപാടിന്‍റെ ഈ അവസരത്തില്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും സുഷമയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Oommen-Chandy

ഉമ്മന്‍ ചാണ്ടി

സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ എക്കാലവും കേരളം സ്മരിക്കുമെന്നും കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവർത്തകയായിരുന്നു സുഷമ സ്വരാജെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. സുഷമ സ്വരാജിന്‍റെ വിയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്നും ആത്മാവിന് നിത്യശാന്തി നേരുന്നതായും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് സന്ദേശത്തില്‍ അറിയിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ബിജെപി മുതിർന്ന നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ ശ്രീമതി സുഷമാ സ്വരാജിന്റെ അകാല വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിന് ഒരു തീരാ നഷ്ടമാണ്. സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കും.
ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ കൊണ്ടുവരാൻ കേരളം സഹായമഭ്യർത്ഥിച്ചപ്പോൾ അവർ കാണിച്ച ആത്മാർത്ഥയോടുകൂടിയ പ്രവർത്തനങ്ങൾ ഇന്നും ഓർക്കുന്നു. ഒരു ബുദ്ധിമുട്ടും കൂടാതെ നഴ്സുമാരെ തിരിച്ച് ഇവിടെ കൊണ്ടുവരുന്നതിന് അവരെടുത്ത പ്രയത്നം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവർത്തകയാണ് സുഷമാ സ്വരാജ്. സുഷമാജിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Ramesh-Chennithala-Jan-15

രമേശ് ചെന്നിത്തല

ചടുലമായി നടപടിയെടുക്കുന്ന മന്ത്രിയായിരുന്നു സുഷമാ സ്വരാജെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. കുടുംബത്തിന്‍റെയും സ്നേഹിതരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ആദരാഞ്ജലികൾ

വിദേശത്ത് കുടുങ്ങിയ മലയാളികൾക്ക് വേണ്ടി കത്തെഴുതുമ്പോഴും ട്വീറ്റ് ചെയ്യുമ്പോഴും ചടുലമായി നടപടി എടുത്ത മന്ത്രി ആയിരുന്നു സുഷമാ സ്വരാജ്. അവരുടെ വിയോഗം രാജ്യത്തിന് നഷ്ടമാണ്. കുടുംബത്തിന്റെയും സ്നേഹിതരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു