ലാത്തിച്ചാർജിൽ എൽദോ ഏബ്രഹാമിന് പരിക്കേറ്റ സംഭവത്തിൽ കലക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

Jaihind Webdesk
Monday, July 29, 2019

സി.പി.ഐ. എം.എൽ.എ എൽദോ ഏബ്രഹാമിന് ലാത്തിച്ചാർജിൽ പരിക്കേറ്റ സംഭവത്തിൽ എറണാകുളം ജില്ല കലക്ടർ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിൽ കണ്ണു നട്ടിരിക്കുകയാണ് പാർട്ടി സംസ്ഥാന ജില്ലാ നേതൃത്വങ്ങൾ. സി. പി. ഐയെ കുടുക്കിയ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കളക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.

പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ജില്ലാ നേതൃത്വം, ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയാണ് ആവശ്യപ്പെടുന്നത്. റിപ്പോർട്ട് എതിരായാൽ സ്വീകരിക്കേണ്ട നടപടി ആലോചിക്കാൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് ആഗസ്റ്റ് രണ്ടിന് ചേരും. അന്ന് തന്നെ സംസ്ഥാന എക്‌സിക്യൂട്ടിവും ചേരുന്നുണ്ട്.

സി.പി.ഐ സംസ്ഥാന നേതൃത്വവും ജില്ലാ ഘടകവും തമ്മിലുള്ള രൂക്ഷമായ അഭിപ്രായഭിന്നതയാണ് ഇതോടെ പുറത്തായത്. പൊലീസിലും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. ആദ്യം ചികിത്സിച്ച എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറാണ് എല്ലിന് പൊട്ടലുണ്ടെന്ന് പറഞ്ഞതെന്ന് നേതാക്കൾ പറയുന്നു. കൈയൊടിഞ്ഞെന്ന് ആരും പറഞ്ഞിട്ടില്ലെന്നും നേതാകൾ വാദിക്കുന്നു. അതേസമയം, നേതാക്കൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് കളക്ടറുടെ അന്വേഷണം അട്ടിമറിക്കാനുള്ള പൊലീസിന്‍റെ നീക്കമാണെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു ആരോപിച്ചു. കരുതിക്കൂട്ടിയുണ്ടാക്കിയ തെളിവുകളാണ് പൊലീസ് പുറത്തുവിടുന്നത്. മജിസ്റ്റീരിയൽ അന്വേഷണം നടക്കുമ്‌ബോൾ ഇത്തരം നടപടികളുടെ നിയമസാധുത പരിശോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

https://youtu.be/d0wQZeypo4c