കടല്‍ത്തീരത്തെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണം; ഉടമകള്‍ക്ക് നോട്ടീസ് നല്‍കി ദ്വീപ് ഭരണകൂടം

കവരത്തി : ലക്ഷദ്വീപില്‍ കടല്‍ത്തീരത്തോട്ചേര്‍ന്നുള്ള കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കി ഭരണകൂടം. തീരത്തുനിന്ന് 20 മീറ്ററിന് അകത്തുള്ള മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചു നീക്കാനാണ് നിര്‍ദേശം. കെട്ടിട ഉടമകള്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കിയതായാണ് വിവരം.

എന്തെങ്കിലും പരാതികളോ രേഖകള്‍ ഹാജരാക്കാനോ ഉണ്ടെങ്കില്‍ ജൂണ്‍ 30നകം അവ ബന്ധപ്പെട്ട വകുപ്പുകളില്‍ നല്‍കണം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ സമയപരിധി അവസാനിക്കുന്നതോടെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ഇന്‍റഗ്രേറ്റഡ് ഐലന്‍ഡ് മാനേജ്‌മെന്‍റ് പ്ലാനിന്‍റെ ഭാഗമായാണ്  നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

അതേസമയം ദ്വീപിനെ ടൂറിസം കേന്ദ്രമാക്കാനുള്ള നടപടികളും മറുഭാഗത്ത് പുരോഗമിക്കുകയാണ്. കോര്‍പ്പറേറ്റുകളെ ഉള്‍പ്പെടുത്തി കോടിയുടെ കടല്‍ത്തീര വിനോദസഞ്ചാര പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രം. ലക്ഷദ്വീപിലെ 3 ദ്വീപുകളിലായി 806 കോടിയുടെ കടൽത്തീര വിനോദസഞ്ചാര പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ബീച്ച് ടൂറിസം, ജലവിനോദങ്ങൾ എന്നിവയ്ക്ക് പ്രാമുഖ്യം നൽകി മാലദ്വീപ് മാതൃകയിൽ റിസോർട്ടുകൾ നിർമിക്കാനാണ് പദ്ധതി. വിവാദ പരിഷ്കാരങ്ങള്‍ക്കെതിരെ ദ്വീപ് നിവാസികളുടെ പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെയാണ് പുതിയ പദ്ധതികളുമായി കേന്ദ്രം മുന്നോട്ടു പോകുന്നത്.

Comments (0)
Add Comment