സി എൻ ബാലകൃഷ്ണൻ ഓർമയായിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു

Jaihind News Bureau
Tuesday, December 10, 2019

സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തനായിരുന്ന സി എൻ ബാലകൃഷ്ണൻ ഓർമയായിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. വിട പറഞ്ഞ് ഒരാണ്ട് തികയുമ്പോഴും കോൺഗ്രസ് പ്രവർത്തകരുടെ ഓർമകളിൽ സി.എൻ. ബാലകൃഷ്ണൻ എന്ന നേതാവിന് മരണമില്ല.

തൃശൂർ അയ്യന്തോൾ ഉദയ നഗറിലെ ഗീത എന്ന ഈ വീടിന്‍റെ ഓരോ കോണിലും ഇപ്പോഴും സി.എൻ നിറഞ്ഞ് നിൽക്കുകയാണ്. ചുമരിലെ ചിത്രങ്ങളിൽ അറിയാം സി.എൻ. ബാലകൃഷ്ണൻ എന്ന നേതാവിന്‍റെ വ്യക്തി ബന്ധങ്ങളുടെ ആഴം. ഒരു ഇളം പുഞ്ചിരിയോടെ അച്ഛൻ എപ്പോൾ വേണമെങ്കിലും കയറി വരാമെന്ന് മകൾ ഗീത വെറുതെ മോഹിക്കാറുണ്ട്.

സി.എൻ എന്ന രണ്ടക്ഷരം ഒരു കാലത്ത് തൃശൂരിലെ കോൺഗ്രസിന്‍റെ പര്യായമായിരുന്നു. ഭൂദാൻ പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി 1952 ൽ കോൺഗ്രസ് അംഗമായ സി.എൻ ബാലകൃഷ്ണൻ കഠിനാധ്വാനത്തിന്‍റെയും സംഘടനാ മികവിന്‍റെയും മറു പേരായി മാറി. 17 വർഷം തുടർച്ചയായി തൃശൂർ ഡിസിസി പ്രസിഡന്‍റായിരുന്നു. ദീർഘകാലം കെപിസിസി ട്രഷറർ ആയും പ്രവർത്തിച്ചു. ഖാദി രംഗത്തിനും സഹകരണ മേഖലക്കും സി എൻ നൽകിയ സംഭാവനകൾ എണ്ണമറ്റതാണ്. 2011 ലെ തെരഞ്ഞെടുപ്പിൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച് സഹകരണ മന്ത്രിയായും അദ്ദേഹം തിളങ്ങി. ഒടുവിൽ എൺപതാം വയസിൽ കർമ വീഥികളിൽ ഒട്ടേറെ പേർക്ക് വഴി വിളക്കായി നിന്ന ആ പ്രകാശ ഗോപുരം അണഞ്ഞു. എന്നാൽ ഓരോ കോൺഗ്രസ് പ്രവർത്തകന്‍റെയും സ്മരണകളിൽ എന്നും സി.എൻ ജ്വലിച്ചു കൊണ്ടേയിരിക്കും.

https://youtu.be/UUK59SKSIS4