“സിഎന്നിന്റെ നിര്യാണത്തോടെ നഷ്ടമായത് ഏറ്റവും അടുത്ത ജ്യേഷ്ഠ സഹോദരനെ”: രമേശ് ചെന്നിത്തല

Jaihind Webdesk
Monday, December 10, 2018

മുതിർന്ന കോൺഗ്രസ് നേതാവ് സി.എൻ.ബാലകൃഷ്ണന്റെ  നിര്യാണത്തോടെ പാർട്ടിയിലെ ഏറ്റവും അടുത്ത ജേഷ്ഠ സഹോദരനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കോൺഗ്രസ് പ്രസ്ഥാനത്തിന് തൃശൂർ ജില്ലയിൽ ശക്തമായ വേരോട്ടം ഉണ്ടാക്കുന്നതിനായി രാപകൽ കഷ്ടപ്പെട്ട നേതാവായിരുന്നു സി.എൻ ബാലകൃഷ്ണനെന്നും അദ്ദേഹം അനുസ്മരിച്ചു. പൊതുപ്രവർത്തനത്തിന്റെ നല്ലൊരു പങ്കും തെരെഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിൽക്കുമ്പോഴും യഥാർത്ഥ കിംഗ്മേക്കറായി മാറുകയായിരുന്നു സിഎൻ എന്നും അദ്ദേഹം തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

സിഎന്നിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

സിഎൻ ബാലകൃഷ്ണന്റെ നിര്യാണത്തോടെ എനിക്ക് പാർട്ടിയിലെ ഏറ്റവും അടുത്തജേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. കോൺഗ്രസ് പ്രസ്ഥാനത്തിന് തൃശൂർ ജില്ലയിൽ ശക്തമായ വേരോട്ടം ഉണ്ടാക്കുന്നതിനായി രാപകൽ കഷ്ടപ്പെട്ട നേതാവായിരുന്നു. ഖാദി പ്രസ്ഥാനം ,സഹകരണ മേഖല എന്നിങ്ങനെ കൈതൊട്ട മേഖലയെല്ലാം വിജയിപ്പിച്ചെടുക്കുകയായിരുന്നു. പൊതുപ്രവർത്തനത്തിന്റെ നല്ലൊരു പങ്കും തെരെഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിൽക്കുമ്പോഴും യഥാർത്ഥ കിംഗ്മേക്കറായി മാറുകയായിരുന്നു.കെപിസിസി ഓഫീസ് ,കെ കരുണാകരൻ സ്മാരക മന്ദിരം ,പനമ്പള്ളി സ്മാരകം തുടങ്ങി തലയുയർത്തി നിൽക്കുന്ന പാർട്ടിയുടെ മന്ദിരങ്ങളിൽ സിഎന്നിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

കെപിസിസി ട്രഷറർ , ഡിസിസി അധ്യക്ഷൻ ,മികച്ച മന്ത്രി എന്നിങ്ങനെ പ്രവർത്തിക്കുമ്പോഴും താഴെത്തട്ടിലെ പാർട്ടി പ്രവർത്തകരുമായി പോലും ആത്മബന്ധം പുലർത്തിയിരുന്നു. അംഗീകാരവും പദവിയുമൊക്കെ സിഎന്നിനെ തേടി എത്തുകയായിരുന്നു. അദ്ദേഹത്തിൻറെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്ക് ചേരുന്നു. കണ്ണീരോടെ ആദരാഞ്ജലികൾ
#Condolence
#CNBalakrishnan

See Also : മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു