മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്‍റെയും എ.കെ.ജി സെന്‍റർ മയക്കുമരുന്ന് ലോബിയുടേയും കേന്ദ്രം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, September 4, 2020

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ മയക്കുമരുന്ന് ലോബിയുടെ വേരുകള്‍ എ.കെ.ജി സെന്‍ററിനെ ചുറ്റിപ്പറ്റിയാണ് വളരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജവഹര്‍ ബാല്‍ മഞ്ചിന്‍റെ ദേശീയ മെമ്പര്‍ഷിപ്പ് ഡ്രൈവിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി ഓഫീസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളേജ് കാമ്പസുകളും ഹൈസ്‌കൂളുകളും മയക്കുമരുന്ന് സംഘങ്ങളുടെ സ്വാധീനത്തിലാണ്. കൗമാര കുറ്റവാളികളെ വളര്‍ത്തിയെടുക്കുന്ന മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ മാറി. സമീപകാലത്താണ് കേരളം ഇക്കാര്യം ഗൗരവമായി ചര്‍ച്ചചെയ്തത്. ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നത് സി.പി.എമ്മിന്‍റെ നേതൃത്വമാണ്. അത് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ഉന്നത സി.പി.എം നേതാവിന്‍റെ  മകന് മയക്കുമരുന്നു ശൃംഖലയുമായിട്ടുള്ള ബന്ധം. മയക്കുമരുന്നുസംഘത്തിന്‍റെ  താവളമായി കേരളം മാറിയിരിക്കുന്നു. ഇത്തരം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക ശ്രോതസും അതില്‍ നിന്നും ലഭിക്കുന്ന പണം എന്തിനെല്ലാം ഉപയോഗിക്കുന്നുവെന്നും അന്വേഷിക്കേണ്ടതുണ്ട്.

തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് മയക്കുമരുന്ന് ലോബി ലോകമെമ്പാടും പ്രവര്‍ത്തിക്കുന്നത്. സി.പി.എം ഉന്നതര്‍ ഉള്‍പ്പെട്ട മയക്കുമരുന്നു കേസ് എന്‍.ഐ.എ അന്വേഷിക്കണം. അന്താരാഷ്ട്രമാനങ്ങളുള്ള കേരളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് ആരോ വിഘാതം സൃഷ്ടിക്കുന്നുണ്ട്. അതാണ് അന്വേഷണത്തിലും തെളിവുകള്‍ ശേഖരിക്കുന്നതിലും എന്‍.ഐ.എ വരുത്തുന്ന കാലവിളബം.

ജനാധിപത്യ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരിലുള്ള ജവഹര്‍ ബാല്‍ മഞ്ചിന് മൂല്യബോധമുള്ള നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ സാധ്യമാകട്ടെയെന്നും മുല്ലപ്പള്ളി പ്രത്യാശ പ്രകടിപ്പിച്ചു. കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നു. ഇത്തരം ദുഷ്പ്രവണതകള്‍ തടയാന്‍ ജവഹര്‍ ബാല്‍ മഞ്ചിന് കഴിയണമെന്നും മുല്ലപ്പള്ളി നിര്‍ദ്ദേശിച്ചു.

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്നും ശിവപ്രിയയും അദ്വൈതും അംഗത്വം ഏറ്റുവാങ്ങി. ബാല്‍ മഞ്ച് ദേശീയ പ്രോജക്റ്റ് ഡയറക്ടര്‍ ഡോ.ജി.വി.ഹരി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.മുരളീധരന്‍ എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴയ്ക്കന്‍, ജനറല്‍ സെക്രട്ടറി പാലോട് രവി , കുമാരി രമ്യാ ഹരിദാസ് എം.പി. ഡി.സി.സി. പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, ജവഹര്‍ ബാല്‍ മഞ്ച് വൈസ് ചെയര്‍മാന്‍ ആനന്ദ് കണ്ണശ്ശ , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ് നുസൂര്‍ തിരുവനന്തപുരം ജില്ലാ ചെയര്‍മാന്‍ അനില്‍ കുളപ്പട, കൊല്ലം ജില്ലാ ചെയര്‍മാന്‍ സുമന്‍ജിത് മിഷ , നാഷണല്‍ ഫെസിലിറ്റേറ്റേഴ്‌സ് ദിശാല്‍, അമന്‍, അളക, ജസ്റ്റി തോമസ് ആദിത് കിരണ്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.