‘മാസപ്പടി’ ഗുരുതരം, പരിശോധിക്കും; മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നതില്‍ തീരുമാനം പിന്നീട് : ഗവർണർ

Jaihind Webdesk
Sunday, August 13, 2023

 

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി ആരോപണം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

‘കണ്ടെത്തലുകൾ ഗുരുതരമെന്ന് മാധ്യമങ്ങളിൽകൂടി മനസിലാക്കുന്നു. പുറത്തുവന്നത് ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തലുകളാണ്. വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും’ – ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് 1.72 കോടി രൂപ നിയമവിരുദ്ധമായി കൈപ്പറ്റിയെന്നാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ ഉയർന്നിരിക്കുന്ന ആരോപണം. ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടൈൽ ലിമിറ്റഡ് (CMRL) 1.72 കോടി രൂപ നൽകിയതിന്‍റെ രേഖകളാണ് പുറത്തുവന്നത്. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് സിഎംആർഎൽ കമ്പനി വീണയ്ക്ക് പണം നൽകിയതെന്നും സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നുമാണ് ആദായനികുതി തർക്ക പരിഹാര ബോർഡിന്‍റെ കണ്ടെത്തല്‍.