ശബരിമല വിഷയം മുഖ്യമന്ത്രി വഷളാക്കുന്നത് ഭരണ പരാജയം മറച്ച് വെയ്ക്കാന്‍

Jaihind Webdesk
Saturday, November 24, 2018

ഭരണ പരാജയം മറച്ച് വെയ്ക്കാനാണ് ശബരിമല വിഷയം മുഖ്യമന്ത്രി വഷളാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡും സർക്കാരും ജനങ്ങളെ കബളിപ്പിക്കുകയാണ്. ശബരിമലയിൽ ഇപ്പോൾ ഭയത്തിന്‍റെ അന്തരീക്ഷം മാത്രമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ശബരിമല വിഷയം വഷളാകുന്നതിന് പിന്നിൽ സർക്കാരിനും സി.പി.എമ്മിനും രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. ഭരണപരാജയം മറച്ച് വെയ്ക്കുക. കോൺഗ്രസിനെ തളർത്തി ബി.ജെ.പിയെ വളർത്താനുള്ള സി.പി.എമ്മിന്‍റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുക.ഇത് രണ്ടും ജനങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ശബരിമലയിൽ ഭകതജനങ്ങൾക്ക് സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ഗവർണറും ഹൈക്കോടതിയും പറഞ്ഞിട്ടും നടപ്പാക്കാത്തത് പ്രതിഷേധാഹർമാണ്. ശബരിമലയിൽ ഭക്തരുടെ എണ്ണവും നടവരവും കുറഞ്ഞു. മുഖ്യമന്ത്രിയാണ് ഇതിന് കാരണക്കാരൻ. സന്നിധാനത്തെ നിരോധാനജ്ഞ എന്ത് കൊണ്ട് പിൻവലിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

ശബരിമല യുവതി പ്രവേശനത്തിൽ ദേവസ്വം ബോർഡ് സാവകാശ ഹർജി നൽകുമ്പോൾ സർക്കാർ യുവതി പ്രവേശനത്തിന് സൗകര്യം ഒരുക്കും എന്ന് പറയുന്നു. ഇത് ജനങ്ങളെ കബിളിപ്പിക്കലാണ്. സ്വന്തം പാർട്ടിയിലെ യുവതിയ്ക്ക് സംരക്ഷണം നൽകാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് ശബരിമലയിൽ സ്ത്രികൾക്ക് സുരക്ഷ ഒരുക്കമെന്ന് പറയുന്നത്. അസത്യ പ്രചരണം നടത്തുന്ന മുഖ്യമന്ത്രി ബി.ജെ.പിയുടെ തലതൊട്ടപ്പനാണന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ശബരിമല വിഷയത്തിൽ സംഘപരിവാർ വിഷം ചീറ്റുകയാണ്. ശ്രീധരൻ പിള്ള ഹാസ്യകഥാപാത്രമായി മാറുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു