ശബരിമല: സംഘർഷഭൂമിയാക്കാൻ സംഘപരിവാർ ശ്രമം, വിധി നടപ്പാക്കും, തന്ത്രിമാർക്കെതിരെയും മുഖ്യമന്ത്രി

Jaihind Webdesk
Tuesday, October 23, 2018

ശബരിമല സ്ത്രീപ്രവേശന വിധി നടപ്പാക്കുമെന്ന നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സംഘർഷ ഭൂമിയാക്കാൻ സംഘപരിവാർ ശ്രമിക്കുകയാണ്. യുവതീപ്രവേശന വിഷയത്തിൽ സമരത്തോടൊപ്പം ചേർന്ന ശബരിമലയിലെ തന്ത്രിയുടെയും പരികർമ്മികളുടെയും നിലപാട് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല നട തുറക്കുന്നതിനു മുൻപുതന്നെ കലാപ ഭൂമിയാക്കാനുള്ള ശ്രമമാണു സംഘപരിവാർ നടത്തിയത്. അതിന് അവർ ഗൂഢപദ്ധതി തയാറാക്കി. ശബരിമലയുടെ കാര്യത്തിൽ സർക്കാരോ പൊലീസോ വിശ്വാസിയെ തടയുന്നതിനോ എതിർക്കുന്നതിനോ തയാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ എത്തുന്നവർക്ക് സുരക്ഷയൊരുക്കണമെന്ന ഉപദേശമാണ് കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയിട്ടുള്ളത്. ശാന്തിയും സമാധാനവുമാണ് അവിടെ ആവശ്യം. ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ സർക്കാരിനു താൽപര്യമില്ല. വിശ്വാസികൾക്കെല്ലാം ശബരിമലയിൽ പോകാം. അയ്യപ്പനെതിരെ നിലപാടുള്ളവർ വന്നാൽ തടയാനാകും അല്ലാത്ത സാഹചര്യത്തിൽ എല്ലാവർക്കും പ്രവേശനം നൽകണമെന്ന വിധി പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. സമാധാനപരമായി അവിടേക്കു പോകുന്നതിനു സൗകര്യം ഒരുക്കുകയെന്നതു സർക്കാരിന്റെ ചുമതലയാണ്. പ്രതിഷേധത്തിന്റെ പേരിൽ പന്തൽ കെട്ടി ചിലർ ശബരിമലയിൽ സമരം നടത്തിയത് എല്ലാവരും കണ്ടതാണ്. അതിനും സർക്കാർ എതിരു നിന്നില്ല. എന്നാൽ ആ സമരത്തിനു പുതിയ രീതികൾ വന്നു. ശബരിമലയിൽ പോകുന്ന ഭക്തരെ പരിശോധിക്കുന്ന നിലയുണ്ടായി. ഇതു കഴിഞ്ഞു മാത്രമേ മലയ്ക്കു പോകാൻ പറ്റൂവെന്ന അവസ്ഥയുണ്ടായി. ഭക്തർക്കെതിരെയും സന്നിധാനത്തെത്തിയ യുവതികൾക്കു നേരെയും അതിക്രമമുണ്ടായി.

മാധ്യമപ്രവർത്തകർക്കെതിരെയും വലിയ തോതിൽ അക്രമം നടന്നു. ഇതിൽ കാണാൻ കഴിയുന്നത് ഒരു പുതിയ രീതിയാണ്. തങ്ങൾ പറയുന്നത് റിപ്പോർട്ട് ചെയ്യണം. അല്ലെങ്കിൽ ആക്രമിക്കും എന്ന നിലപാട് പരസ്യമായി സ്വീകരിച്ചു. ഇതിന്റെ ദൃശ്യങ്ങൾ എല്ലാവരും കണ്ടു. മാധ്യമപ്രവർത്തകരെ ആക്രമിക്കുന്ന സംഘപ്രവർത്തകരുടെ മുഖം എല്ലാവരും കണ്ടതാണ്. രാജ്യത്തു നിലനിൽക്കുന്ന മര്യാദകളെ ലംഘിച്ചു നിയമം കൈയിലെടുക്കുന്ന അവസ്ഥയിലേക്കു സംഘപരിവാർ പ്രവർത്തകർ എത്തി. ഇതോടെ ഭക്തർക്കു സുരക്ഷയൊരുക്കൽ പൊലീസിന്റെ ഉത്തരവാദിത്തമായി. ശബരിമലയിലെത്തിയ യുവതികൾക്കെതിരെയും അവരുടെ വീടുകൾക്കു നേരെയും ഒരേ സമയം അക്രമം ഉണ്ടാകുകയാണ്. യാദൃച്ഛികമായല്ല ഇതൊക്കെ സംഭവിച്ചത്. ഇതിനു പിന്നിൽ സംഘപരിവാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.