‘നീതി നല്‍കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി വഞ്ചിച്ചു’ ; വാളയാർ നീതി യാത്ര പിണറായി വിജയന്‍റെ മണ്ഡലത്തിലെത്തി

 

കണ്ണൂർ : വാളയാർ പെൺകുട്ടികൾക്ക് നീതി തേടി പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മണ്ഡലത്തില്‍ എത്തി. നീതി യാത്ര മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധർമ്മടത്ത് പര്യടനം നടത്തി. മമ്പറത്ത് നടന്ന പൊതുയോഗത്തിൽ ധർമ്മടത്തെ അമ്മമാർ നീതി യാത്രയെ കണ്ണീരോടെ വരവേറ്റു.

മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച അതേ ദിവസം തന്നെയാണ് വാളയാർ പെൺകുട്ടികളുടെ അമ്മ നീതി തേടി മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലത്തിൽ എത്തിയത്.
സംസ്കാര സാഹിതി ധർമ്മടം നിയോജക മണ്ഡലം കമ്മിറ്റിയാണ് നീതി യാത്രയുമായെത്തിയ വാളയാർ പെൺകുട്ടികളുടെ അമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മണ്ഡലമായ ധർമ്മടത്ത് സ്വീകരിച്ചത്.

ധർമ്മടം നിയോജക മണ്ഡലത്തിലെ മമ്പറത്ത് എത്തിയ നീതി യാത്രാ സംഘം നീതിക്കായുള്ള പോരാട്ടത്തിൽ ധർമ്മടത്തെ പൗരാവലിയുടെ പിന്തുണ തേടി. മമ്പറത്ത് സംഘടിപ്പിച്ച പൊതുയോഗം ശ്രീകണ്ഠാപുരം മുൻസിപ്പൽ ചെയർപേഴ്സൺ ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. സി ആർ നീലകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. മുഖ്യമന്ത്രി നീതി നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കുകയാണ് ചെയ്തതെന്ന് വാളയാറിലെ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. വാളയാറിലെ മക്കൾക്ക് എന്ത് കൊണ്ട് നീതി കൊടുത്തില്ലെന്ന് ധർമ്മടത്തെ സഹോദരിമാരും അമ്മമാരും മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും വാളയാറിലെ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥ്, ലാൽ ചന്ദ് കണ്ണോത്ത്, തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Comments (0)
Add Comment