‘നിങ്ങള്‍ക്കിനി മടങ്ങിപ്പോകാം… കോടതിയുടെ യുദ്ധമുറകള്‍ വേറെയാണ്’

Jaihind Webdesk
Wednesday, November 14, 2018

”പ്രിയപ്പെട്ട എയർ മാർഷൽ, വൈസ് മാർഷൽസ് നിങ്ങൾക്ക് ഇനി മടങ്ങിപ്പോകാം. ഇവിടെ കോടതിയിൽ വ്യത്യസ്തമായ യുദ്ധ രീതിയാണ്. നിങ്ങൾക്ക് നിങ്ങളുടെ വാർ റൂമുകളിലേക്ക് മടങ്ങി പോകാം.”

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞ വാക്കുകളാണിത്.  റഫാല്‍ ഇടപാടിലെ സാമ്പത്തിക ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ വാദം തുടരുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിന്‍റെ ഈ വാക്കുകള്‍.

അഞ്ച് മണിക്കൂറോളം നീണ്ട രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി ഹര്‍ജികള്‍ വിധി പറയുന്നതിനായി മാറ്റി. കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റഫാല്‍ വിമാനങ്ങളുടെ വില സംബന്ധിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ വാദങ്ങള്‍.

വിമാനത്തിന്‍റെ വിശദാംശങ്ങൾ നേരിട്ട് വിശദീകരിക്കാൻ കോടതി ഉടന്‍ഉത്തരവിട്ട സാഹചര്യത്തിലാണ് എയർ വൈസ് മാർഷൽ ടി ചലപതിയടക്കമുള്ള വ്യാമസേനാ ഉദ്യോഗസ്ഥര്‍ കോടതിയിൽ എത്തിയത്. സുപ്രീം കോടതി നിര്‍ദേശത്തെ തുടർന്ന് എയർ മാർഷലും നാല് വൈസ് എയര്‍മാര്‍ഷലുമാരും കോടതിയിലെത്തി. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള ആളെയല്ല വ്യോമസേനയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് കാണെണ്ടതെന്ന് കോടതി കർശനമായി നിർദേശിച്ചിരുന്നു.

അതേസമയം റഫാല്‍ ഇടപാടില്‍ നടന്നത് ഗുരുതരമായ ക്രമക്കേടാണെന്ന് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ കൃത്രിമം നടന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. റഫാല്‍ വിമാനങ്ങളുടെ വില കേന്ദ്രം മുദ്രവച്ച കവരില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് നടത്തിയ വാദത്തിലായിരുന്നു പരാതിക്കാരനായ എം.എല്‍ ശര്‍മ കൃത്രിമം സംബന്ധിച്ച് ആരോപണം ഉന്നയിച്ചത്.

മറ്റൊരു ഹര്‍ജിക്കാരനായ അഭിഭാഷകന്‍ വിനീത് ധാണ്ടയുയെ വാദം ഇതായിരുന്നു. ഇടപാടിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാവുന്നതിനും കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരത്തിനും മുമ്പ് എങ്ങനെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത് ?

ഇടപാടില്‍ ടെണ്ടര്‍ ചട്ടങ്ങള്‍ ലംഘിച്ചെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്‍റെ വാദം. കേസ് അഞ്ചംഗ ബെഞ്ചിന് വിടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രിപോലും അറിയാതെയായിരുന്നു പ്രധാനമന്ത്രി കരാറില്‍ മാറ്റം വരുത്തിയതെന്നും വ്യോമസേന പോലും തീരുമാനം എടുത്തുകഴിഞ്ഞ ശേഷമാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും പ്രശാന്ത് ഭൂഷണ്‍ തന്‍റെ വാദത്തില്‍ തുടര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ രേഖകള്‍ തന്നെ ഇടപാടില്‍ വലിയ തട്ടിപ്പ് നടന്നു എന്ന് വ്യക്തമാക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.