പീഡനാരോപണം : ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി മൊഴി നൽകി

Thursday, May 2, 2019

തനിക്കെതിരായ പീഡനാരോപണത്തിൽ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി മൊഴി നൽകി. പരാതി അന്വേഷിക്കുന്ന ജസ്റ്റീസ് ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ആഭ്യന്തര സമിതിക്കു മുമ്പാകെയാണ് ചീഫ് ജസ്റ്റീസ് ഹാജരായത്. നിയമവ്യവസ്ഥയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ചീഫ് ജസ്റ്റീസ് പീഡനാരോപണവുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിക്കു മുന്നിൽ ഹാജരാകുന്നത്

ആരോപണങ്ങൾ ചീഫ് ജസ്റ്റീസ് നിഷേധിച്ചതായാണു വിവരം. ഇന്ത്യൻ നിയമവ്യവസ്ഥയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ചീഫ് ജസ്റ്റീസ് പീഡനാരോപണവുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിക്കു മുന്നിൽ ഹാജരാകുന്നത്. ആരോപണം അന്വേഷിക്കുന്ന സുപ്രീംകോടതിയുടെ ആഭ്യന്തര സമിതിയുമായി സഹകരിക്കില്ലെന്നു പരാതിക്കാരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തൻറെ അഭിഭാഷകയെ തെളിവെടുപ്പിൽ ഹാജരാക്കാൻ സമ്മതിക്കാത്തതും താൻ നിർദേശിച്ച ഫോണുകളിൽനിന്നു തെളിവെടുക്കാത്തതും ചൂണ്ടിക്കാട്ടിയാണ് യുവതി നിസഹകരണം പ്രഖ്യാപിച്ചത്.

ഇതേതുടർന്ന് എക്‌സ് പാർട്ടി നടപടിയായി തുടരാൻ സമിതി തീരുമാനിച്ചു. ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റീസുമാരായ ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവരടങ്ങിയതാണ് പരാതി അന്വേഷിക്കുന്ന ആഭ്യന്തര സമിതി. സുപ്രീംകോടതിയിലെ മുൻ ജീവനക്കാരിയാണു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കെതിരേ പീഡന ആരോപണം ഉന്നയിച്ചത്.