ജവഹർ ബാല്‍ മഞ്ച് സംസ്ഥാന ചെയർമാന്‍ നല്‍കിയ പരാതിയില്‍; ബാലാവകാശ കമ്മീഷൻ കേസെടുത്തു

Jaihind Webdesk
Thursday, November 23, 2023

 

നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിച്ചതില്‍ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ജവഹർ ബാല്‍ മഞ്ച് സംസ്ഥാന ചെയർമാന്‍ ആനന്ദ് കണ്ണശ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയക്ടറോട് വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. നവകേരള സദസെന്ന പേരില്‍ സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയും മന്ത്രിമാരും AC ബസില്‍ യാത്ര ചെയ്യുമ്പോള്‍ അവരെ അഭിവാദ്യം ചെയ്യാനായി കുട്ടികളെ കൊണ്ടുവരികയും പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതിയില്ലാതെ വിദ്യാർത്ഥികളെ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന കർശന നിർദേശം നിലനില്‍ക്കെയാണ് ഈ സംഭവം. സ്കൂള്‍ അസംബ്ലിയില്‍ പോലും കുട്ടികളെ 7 മിനിറ്റില്‍ കൂടുതല്‍ നിർത്തരുതെന്നും നിബന്ധനയുണ്ട്. ഈ നിയമങ്ങളെല്ലാം നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനായി വിദ്യാർത്ഥികളെ 32 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ഒരു മണിക്കൂറോളം വെയിലത്ത് നിർത്തിയതെന്നും ആനന്ദ് കണ്ണശ പരാതിയില്‍ ആരാപിച്ചിരുന്നു.