ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അഴിമതി മൂടിവയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിജയിക്കില്ല: രമേശ് ചെന്നിത്തല

Jaihind News Bureau
Friday, February 21, 2020

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ പൊലീസ് തലപ്പത്തെ വന്‍കൊള്ളയെക്കുറിച്ച് മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ചില ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അഴിമതി മൂടിവയ്ക്കാന്‍ നടത്തുന്ന ശ്രമം വിജയിക്കാന്‍ പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഭരണഘടനാ സ്ഥാപനമായ സി.എ.ജി ചൂണ്ടിക്കാട്ടി ഇത്ര ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞിട്ടില്ല. പകരം ആഭ്യന്തര സെക്രട്ടറിയെക്കൊണ്ട് എല്ലാം ഭദ്രമെന്ന് റിപ്പോര്‍ട്ട് എഴുതി വാങ്ങിക്കുകയും സര്‍ക്കാര്‍ തലത്തില്‍ നിന്ന് തന്നെ അത് മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്തു. അതേ പോലെ ക്രൈംബ്രാഞ്ച് മേധാവിയെക്കൊണ്ട് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ എസ്.എ.പി ക്യാമ്പില്‍ പരിശോധനാ നാടകം കളിപ്പിച്ച് തോക്കുകളെല്ലാം ഭദ്രമാണെന്ന് പറയിക്കുകയും ചെയ്തു. സി.എ.ജി ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഹാജരാക്കാന്‍ കഴിയാതിരുന്ന തോക്കുകളാണ് ഞൊടിയിടില്‍ കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് മേധാവി പറയുന്നത്. എല്ലാം ഭദ്രമാണെന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയ ദിവസം തന്നെയാണ് പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ വ്യാജവെടിയുണ്ടകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. അതോടെ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പൊളിഞ്ഞു. ഇത്തരം ഞുണുക്ക് വിദ്യകള്‍കൊണ്ടൊന്നും രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എസ്.ഐ മാര്‍ക്കും എ.എസ്.ഐമാര്‍ക്കും ക്വാട്ടേഴ്‌സുകള്‍ പണിയാന്‍ നീക്കി വച്ച് തുക ഉപയോഗിച്ച് ഡി.ജി.പിക്കും എ.ഡി.ജ.പിമാര്‍ക്കും വില്ലകള്‍ പണിയുന്നതിനെപ്പറ്റിയുള്ള സി.എ.ജി റിപ്പോര്‍ട്ട് കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ആ സ്ഥലത്ത് പോയത്. ഒരു വില്ലയുടെയും അകത്ത് പോയില്ല. പുറത്ത് നിന്ന് പണി കണ്ടതേയുള്ളൂ. മാദ്ധ്യമങ്ങള്‍ ആ സന്ദര്‍ശനം ലൈവായി റിപ്പോര്‍ട്ട് ചെയ്തതാണ്. സത്യാവസ്ഥ നാട്ടുകാര്‍ക്കും അറിവുള്ളതാണ്. ഉദ്യോഗസ്ഥര്‍ കുടുംബസമേതം താമസിക്കുന്ന വസതികളില്‍ പ്രവേശിക്കാതിരിക്കാനുള്ള ഔചിത്യബോധം പ്രതിപക്ഷ നേതാക്കള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ വിവാദത്തിന് ശ്രമിക്കുന്നത് ഭംഗിയല്ല. ചില ഉദ്യോഗസ്ഥര്‍ അഴിമതിയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

teevandi enkile ennodu para