ലഹരിമാഫിയെയും ഗുണ്ടാ സംഘങ്ങളെയും നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയം; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം; കെ.സുധാകരന്‍ എംപി

Jaihind Webdesk
Thursday, November 24, 2022

തിരുവനന്തപുരം:  ലഹരിമാഫിയെയും ഗുണ്ടാ സംഘങ്ങളെയും നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പും വന്‍ പരാജയമാണെന്ന് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍ എംപി.

ലഹരിമാഫിയ കേരളത്തില്‍ അഴിഞ്ഞാടുന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നു. ജനങ്ങള്‍ക്ക് സ്വര്യമായി ജീവിക്കാന്‍ കഴിയുന്നില്ല. പോലീസും ഗുണ്ടകളും മാഫിയാ സംഘങ്ങളും തേര്‍വാഴ്ച നടത്തുകയാണ്. ലഹരിമാഫിയ കേരളത്തില്‍ പിടിമുറുക്കി. അതിന് കാരണം സിപിഎമ്മിലെയും പോലീസ് സേനയിലെ ചിലരും ലഹരിമാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടും അന്തര്‍ധാരയുമാണ്. തലശ്ശേരിയിലെ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയായ പാറായി ബാബു ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍ കൂടിയാണ്. എല്ലാത്തരം അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് സിപിഎം അധപതിച്ചുവെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

നീതിന്യായ പരിപാലനം പോലും നടത്താന്‍ കഴിയാത്ത കഴിവുകെട്ട സര്‍ക്കാരാണ് കേരളത്തിലേതെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും സുധാകരന്‍ പറഞ്ഞു.