പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ DYFI നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind Webdesk
Saturday, November 17, 2018

Ramesh-Chennithala

തിരുവനന്തപുരം: നിയമസഭാ ഹോസ്റ്റലിലെ റൂമില്‍ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവന്‍ ലാല്‍ എന്ന ഡി വൈ എഫ് ഐ നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി ജി പി ലോക് നാഥ് ബെഹ്‌റക്ക് കത്ത് നല്‍കി. പ്രതിയെ രക്ഷിക്കാന്‍ പൊലീസ് മനപ്പൂര്‍വ്വം അറസ്റ്റ് വൈകിപ്പിക്കുന്നുവെന്നു കാട്ടി ഇരയായ പെണ്‍കുട്ടി പ്രതിപക്ഷ നേതാവിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ ആവശ്യം മുന്‍ നിര്‍ത്തി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് ചീഫിന് കത്ത് നല്‍കിയത്.

പൊലീസ് ആസ്ഥാനത്തിന്റെ വിളിപ്പാടകലെ വച്ച് നടന്ന സംഭവമായിട്ട് കൂടി ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. മാത്രമല്ല കേസന്വേഷണത്തില്‍ കുറ്റകരമായ അനാസ്ഥയാണ് പൊലീസ് പുലര്‍ത്തി വരുന്നത്. പ്രതിയെ രക്ഷപ്പെടുത്താന്‍ സി പി എം നേതാക്കള്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തിവരുന്ന സാഹചര്യത്തില്‍ പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കാനും കേസന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന് ഇരയായ പെണ്‍കുട്ടി പറയുന്നു. ഇര നല്‍കിയ മൊഴികളുടെയും സഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി പ്രതിയായ ഡി വൈ എഫ് ഐ നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.